|

സംസാരിക്കാനും നടക്കാനും പ്രയാസം, കൂടുതല്‍ കരുത്തോടെ തിരിച്ചുവരും; കുറിപ്പുമായി അപര്‍ണ ഗൗരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പറ്റ: ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി മേപ്പാടി പോളിടെക്‌നിക് കോളേജില്‍ ലഹരി മാഫിയയുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന എസ്.എഫ്.ഐ നേതാവ് അപര്‍ണ ഗൗരി.

15 ദിവസത്തിന് ശേഷം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ആയെന്നും, ഇപ്പോഴും സംസാരിക്കുന്നതിനും മറ്റൊരാളുടെ സഹായം ഇല്ലാതെ നടക്കാനും പ്രയാസമാണെന്നും, കാഴ്ചക്കും ചെറിയ വലിയ തോതില്‍ മങ്ങല്‍ വന്നിട്ടുണ്ടെന്നും അപര്‍ണ ഗൗരി ഫേസ്ബുക്കില്‍ കുറിച്ചു.

ആരോഗ്യ കാരണങ്ങള്‍ കൊണ്ടാണ് പലപ്പോഴും ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യാനും മെസേജുകള്‍ക്ക് കൃത്യമായി മറുപടി തരാനും കഴിയാത്തതെന്നും അപര്‍ണ കുറിച്ചു.

കൂടുതല്‍ കരുത്തോടെ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചുവരുമെന്നും അപര്‍ണ ഗൗരി ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, എസ്.എഫ്.ഐ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി അപര്‍ണ ഗൗരിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികളായ മേപ്പാടി പോളിടെക്നിക് കോളേജിലെ വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡിലാണ്.

മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഷിബില്‍, അതുല്‍ കെ.ഡി, കിരണ്‍ രാജ് എന്നിവരാണ് റിമാന്‍ഡിലായിരിക്കുന്നത്. ഇന്‍സ്പെക്ടര്‍ എ.ബി. വിപിനെ മര്‍ദ്ദിച്ച കേസില്‍ അലന്‍ ആന്റണി എന്ന വിദ്യാര്‍ത്ഥിയെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

മുപ്പതോളം വരുന്ന പുരുഷന്മാരുടെ സംഘമാണ് അപര്‍ണയെ ആക്രമിച്ചത്. പോളിടെക്നിക് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ വേട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുന്‍പായിരുന്നു അക്രമണം. അപര്‍ണയെ രക്ഷിക്കാനെത്തിയ ശരത്, വിഷ്ണു എന്നീ വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിരുന്നു.

യു.ഡി.എസ്.എഫും ‘ട്രാബിയോക്ക്’ എന്ന മയക്കുമരുന്ന് സംഘവും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നും അപര്‍ണയെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നുമാണ് എസ്.എഫ്.ഐ ആരോപിച്ചത്.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മയക്കുമരുന്നിനെതിരെ എസ്.എഫ്.ഐ പ്രചാരണം നടത്തിയിരുന്നെന്നും, ഇതാണ് മയക്കുമരുന്ന് സംഘത്തിനേയും ഇവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യു.ഡി.എസ്.എഫിനേയും പ്രകോപിച്ചതെന്നുമായിരുന്നു എസ്.എഫ്.ഐ ആരോപണം.

പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച സംഭവമടക്കം കണ്ടാലറിയുന്ന 40 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസും എടുത്തിരുന്നു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ അപര്‍ണ ഗൗരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

അപര്‍ണ ഗൗരിയുടെ ഫേസ്ബുക്ക് കുറിപ്പ്:

15 ദിവസത്തിന് ശേഷം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ആയി വീട്ടില്‍ എത്തി. ഇങ്ങനെ ഒരു കുറിപ്പ് മുമ്പേ എഴുതി ഇടണമെന്ന് കരുതിയതാണ് പക്ഷേ ആരോഗ്യസ്ഥിതി സമ്മതിക്കാത്തതുകൊണ്ടാണ് കുറച്ച് സമയം വൈകിയത്.

ഇപ്പോഴും സംസാരിക്കുന്നതിനും മറ്റൊരാളുടെ സഹായം ഇല്ലാതെ നടക്കാനും പ്രയാസമാണ്. കാഴ്ച്ചക്കും ചെറിയ വലിയ തോതില്‍ മങ്ങല്‍ വന്നിട്ടുണ്ട്. അതിന്റെ കൂടെ തലവേദനയും.

അതിനാലാണ് പലപ്പോഴും ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യാനും മെസേജുകള്‍ക്ക് കൃത്യമായി മറുപടി തരാനും കഴിയാത്തത്. സുഖവിവരങ്ങള്‍ അന്വേഷിച്ച് ചേര്‍ത്ത് പിടിച്ചവര്‍ക്കും കരുത്ത് പകര്‍ന്നവര്‍ക്കും കരുതലായി നിന്നവര്‍ക്കും നന്ദി.

കൂടുതല്‍ കരുത്തോടെ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചു വരും.

Content Highlight: SFI Leader Aparna Gowri with Facebook note