abhimanyu murder
അഭിമന്യു കൊലപാതകം; അഭിമന്യുവിനെ കൊലപ്പെടുത്തിയയാളെ തിരിച്ചറിഞ്ഞു; പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ ആലോചിക്കുന്നതായി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jul 05, 04:57 am
Thursday, 5th July 2018, 10:27 am

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയാളെ തിരിച്ചറിഞ്ഞതായി പൊലീസ്. മുഹമ്മദ് എന്നയാളാണ് കൊല നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.

കേസുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായ മുഹമ്മദിനെ കൂടാതെ മറ്റൊരു മുഹമ്മദ് കൂടി കേസില്‍ ഉള്‍പ്പെട്ടതായി പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ ആലോചിക്കുന്നതായും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ഇതു സംബന്ധിച്ച നിയമോപദേശം തേടുമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരേ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.


ALSO READ: അഭിമന്യു വധം: രണ്ട് പേര്‍ കൂടി പിടിയില്‍: പ്രതികള്‍ എസ്.ഡി.പി.ഐ ഓഫീസിനു നേരെ നടന്നു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു


പത്തനംതിട്ട മല്ലപ്പള്ളി ഫറൂഖ് (19), കോട്ടയം കറുകച്ചാല്‍ കങ്ങഴ ബിലാല്‍ (19), ഫോര്‍ട്ടുകൊച്ചി സ്വദേശി റിയാസ് (31) എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളില്‍ നിന്നാണ് പ്രവര്‍ത്തകര്‍ പിടിയിലായത്. കൂട്ടുപ്രതികളായ ഒന്‍പതു പേരെ കണ്ടെത്താന്‍ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.

 

 

ഇവര്‍ക്കെതിരെ തിരച്ചില്‍ നോട്ടിസ് ഉടന്‍ പുറപ്പെടുവിക്കും. പുറത്തുനിന്നുള്ള പ്രതികളെ ക്യാംപസിലേക്കു നയിച്ചുകൊണ്ടുവന്നത് മുഹമ്മദാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

കൊലയാളി ഉപയോഗിച്ച ആയുധം പുറത്തുനിന്നു കൊണ്ടുവന്നതാണ്. കാമ്പസിനുള്ളിലും ഇവര്‍ ആയുധം ശേഖരിച്ചിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.


ALSO READ: അഭിമന്യു വധം; ഒരു എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍


മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു (20) തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. കോളേജിനുള്ളില്‍ അതിക്രമിച്ചു കയറിയാണ് അക്രമികള്‍ കൊല നടത്തിയത്

കൊലപാതകത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐ- കാമ്പസ് ഫ്രണ്ട് ഓഫീസുകളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. പ്രതികളെ ഒളിവില്‍ കഴിയാന്‍ കാമ്പസ് ഫ്രണ്ടും പോപ്പുലര്‍ ഫ്രണ്ടും സഹായം ചെയ്തതായി പൊലീസ് പറഞ്ഞു.