കോഴിക്കോട്: മഹാരാജാസിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഫുട്‌ബോള്‍ താരം സി.കെ വിനീത്. ഒടുവിലായി നീ കുറിച്ച അതേ വാക്കുകള്‍ തന്നെയാണ് എനിക്കും ഇന്ന് ഉയര്‍ത്തിപ്പിടിക്കാനുള്ളതെന്നും നിന്റെ സ്മരണകള്‍ ഞാന്‍ നെഞ്ചോട് ചേര്‍ത്ത് വെക്കുന്നുവെന്നും സി.കെ വിനീത് പറഞ്ഞു.
“വര്‍ഗീയത തുലയട്ടെ” എന്ന് ചുമരിലെഴുതിയതിനാണ് നിന്റെ നെഞ്ചില്‍ കത്തികുത്തിയത്. എങ്കില്‍ ആ മുദ്രാവാക്യങ്ങള്‍ ആഴ്ന്നിറങ്ങിയത് ചിന്തിക്കുന്ന, പ്രബുദ്ധരായ ഇവിടത്തെ ജനങ്ങളുടെ നെഞ്ചിലാണ്. നീതിമാനായ നിന്റെ ചോരക്കറ വറ്റുക വര്‍ഗീയത പറയുന്ന ഏതൊരു രാഷ്ട്രീയത്തേയും മതാന്ധതയേയും നമ്മള്‍ മാറ്റിനിര്‍ത്തും എന്ന പ്രതിജ്ഞയിലാണ്. പ്രിയപ്പെട്ട അഭിമന്യൂ, ഒരുപക്ഷെ ഒടുവിലായി നീ കുറിച്ച അതേ വാക്കുകള്‍ തന്നെയാണ് എനിക്കും ഇന്ന് ഉയര്‍ത്തിപ്പിടിക്കാനുള്ളത്. നിന്റെ സ്മരണകള്‍ ഞാന്‍ നെഞ്ചോട് ചേര്‍ത്ത് വെക്കുന്നു. വര്‍ഗീയത തുലയട്ടെ”. ഫേസ്ബുക്കിലിട്ട കുറിപ്പില്‍ വിനീത് വ്യക്തമാക്കി.
Read Also : അഭിമന്യു കുടുംബസഹായധനത്തിലേക്ക് വിവാഹമോതിരം നല്‍കി യുവതി
“അഭിമന്യു, കൊച്ചിയിലെ ഏതോ ആള്‍കൂട്ടത്തിനിടയില്‍ ഒരിക്കല്‍ നീയും എന്നെ കാണാന്‍ വന്നിരുന്നു എന്ന് നിന്റെ സുഹൃത്ത് പറഞ്ഞ് അറിയുന്നത് ഇന്നാണ്. നീ മറ്റ് പലതിനേയും പോലെ കാല്‍പ്പന്ത് കളിയെ പ്രണയിച്ചിരുന്നുവെന്ന് അറിയാന്‍ ഞാന്‍ വൈകിപ്പോയി. പ്രിയപ്പെട്ട അനിയാ..അന്നെനിക്ക് നിന്നെ കാണാനോ തിരിച്ചറിയാനോ കഴിഞ്ഞിരിക്കില്ല. എന്നാല്‍ ഇന്ന് എല്ലാ ആള്‍കൂട്ടത്തിലും ഞാന്‍ നിന്റെ പുഞ്ചിരിക്കുന്ന മുഖവും പ്രതീക്ഷയുള്ള കണ്ണുകളും കാണുന്നുണ്ട്” വിനീത് പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
അഭിമന്യു … കൊച്ചിയിലെ ഏതോ ആള്‍ കൂട്ടത്തിനിടയില്‍ ഒരിക്കല്‍ നീയും എന്നെ കാണാന്‍ വന്നിരുന്നു എന്ന് നിന്റെ സുഹൃത്ത് പറഞ്ഞ് അറിയുന്നത് ഇന്നാണ്. നീ മറ്റ് പലതിനേയും പോലെ കാല്‍പ്പന്ത് കളിയെ പ്രണയിച്ചിരുന്നുവെന്ന് അറിയാന്‍ ഞാന്‍ വൈകിപ്പോയി. പ്രിയപ്പെട്ട അനിയാ..അന്നെനിക്ക് നിന്നെ കാണാനോ തിരിച്ചറിയാനോ കഴിഞ്ഞിരിക്കില്ല. എന്നാല്‍ ഇന്ന് എല്ലാ ആള്‍കൂട്ടത്തിലും ഞാന്‍ നിന്റെ പുഞ്ചിരിക്കുന്ന മുഖവും പ്രതീക്ഷയുള്ള കണ്ണുകളും കാണുന്നുണ്ട്. ഒപ്പം ആശയത്തെ ആയുധം കൊണ്ട് നേരിടുന്ന മതരാഷ്ട്രീയത്തില്‍ സന്ദേഹവുമുണ്ട്. നിന്നെ പോലെ ക്യാമ്പസിനെ പ്രണയിച്ചവനാണ് ഞാനും. പാട്ടും കളിയും യൂണിയന്‍ പ്രവര്‍ത്തനങ്ങളും സൗഹൃദങ്ങളും ഒക്കെയായ കലാലയ മുറ്റത്ത് വച്ചാണ് നിന്റെ ചിറകരിഞ്ഞു വീഴ്ത്താന്‍ അവര്‍ തയ്യാറായത് എന്ന് ഉള്‍ക്കൊള്ളാന്‍ എനിക്ക് ഇപ്പോഴും കഴിയുന്നില്ല.
നിന്റെ സ്വപ്നങ്ങളെ തല്ലിക്കെടുത്താമെന്ന് വ്യാമോഹിച്ചവര്‍ ഇന്ന് നിരാശരായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. വറുതിയിലും വിശപ്പിലും തളരാതെ നിന്ന് നീ കണ്ട സ്വപ്നങ്ങളെ ഇന്ന് ഈ നാട് നെഞ്ചിലേറ്റുമെന്ന് അവര്‍ ചിന്തിച്ചു കാണില്ല. അവര്‍ക്കെല്ലാം മുകളില്‍ ഇരുട്ടിനെ കീറിമുറിക്കുന്ന ഒരു നക്ഷത്രമായ് നീ തിളങ്ങുകയാണല്ലോ ഇപ്പോള്‍. ആ കേടാനക്ഷത്രത്തെ ഓര്‍ത്ത് ഞാന്‍ അഭിമാനംകൊള്ളുന്നു.
“വര്‍ഗീയത തുലയട്ടെ” എന്ന് ചുമരിലെഴുതിയതിനാണ് നിന്റെ നെഞ്ചില്‍ കത്തികുത്തിയത് എങ്കില്‍ ആ മുദ്രാവാക്യങ്ങള്‍ ആഴ്ന്നിറങ്ങിയത് ചിന്തിക്കുന്ന, പ്രബുദ്ധരായ ഇവിടത്തെ ജനങ്ങളുടെ നെഞ്ചിലാണ്. നീതിമാനായ നിന്റെ ചോരക്കറ വറ്റുക വര്‍ഗീയത പറയുന്ന ഏതൊരു രാഷ്ട്രീയത്തേയും മതാന്ധതയേയും നമ്മള്‍ മാറ്റിനിര്‍ത്തും എന്ന പ്രതിജ്ഞയിലാണ്. പ്രിയപ്പെട്ട അഭിമന്യൂ, ഒരുപക്ഷെ ഒടുവിലായി നീ കുറിച്ച അതേ വാക്കുകള്‍ തന്നെയാണ് എനിക്കും ഇന്ന് ഉയര്‍ത്തിപ്പിടിക്കാനുള്ളത്. നിന്റെ സ്മരണകള്‍ ഞാന്‍ നെഞ്ചോട് ചേര്‍ത്ത് വെക്കുന്നു. വര്‍ഗീയത തുലയട്ടെ !