ന്യൂദല്‍ഹി: സി.പി.ഐ.എമ്മിനെതിരെ ജെ.എന്‍.യു – എസ്.എഫ്.ഐ യൂണിറ്റിന്റെ പ്രമേയം. യു.പി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിനെതിരെയാണ് പ്രമേയം.
പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാനുള്ള പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം സി.പി.ഐ.എം ജെ.എന്‍.യു ബ്രാഞ്ചില്‍ നിന്നും 15 അംഗങ്ങള്‍ രാജിവെച്ചിരുന്നു. 17 അംഗങ്ങളാണ് ബ്രാഞ്ച് കമ്മിറ്റിയില്‍ ആകെയുള്ളത്. രാജിവെച്ചവരില്‍ ദല്‍ഹി എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് റോഷന്‍ കിഷോര്‍, വൈസ് പ്രസിഡന്റുമാരായ സിസോ ദാസ് ഗുപ്ത, പി.കെ ആനന്ദ് എന്നിവരുമുണ്ടായിരുന്നു.
ഈ വര്‍ഷത്തെ ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥിയായിരുന്നു ദാസ്ഗുപ്ത. ഇതിന്റെ പശ്ചാത്തലത്തില്‍ യു.പി.എ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനുള്ള പാര്‍ട്ടി തീരുമാനം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച രാത്രി എസ്.എഫ്.യുടെ അടിയന്തര യോഗം ചേര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.
നേരത്തെ എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനും സി.പി.ഐ.എം ഗവേഷക വിഭാഗം തലവനുമായ പ്രസന്‍ജിത്ത് ബോസും പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജിവെച്ചിരുന്നു. പ്രസന്‍ജിത്തിന്റെ രാജിയെ തുടര്‍ന്ന് പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാനുള്ള പാര്‍ട്ടി തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍ വിശദീകരിക്കുന്നതിനായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജെ.എന്‍.യു യൂണിറ്റിന്റെ പ്രത്യേക യോഗം വിളിക്കുകയും ചെയ്തിരുന്നു.