| Wednesday, 8th August 2018, 2:49 pm

വിക്ടോറിയ കോളജില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പിക്കുമെന്ന് എസ്.എഫ്.ഐ: മുഴുവന്‍ ജനറല്‍ സീറ്റുകളിലും വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ ജനറല്‍ സീറ്റുകളിലും വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനുറച്ച് എസ്.എഫ്.ഐ. ഈ വര്‍ഷം നടക്കാനിരിക്കുന്ന കോളേജ് തെരഞ്ഞെടുപ്പിലാണ് വനിതാ സ്ഥാനാര്‍ത്ഥികളെ സംവരണ സീറ്റുകളില്‍ മാത്രം മത്സരിപ്പിക്കുന്ന പാരമ്പര്യം തിരുത്തി എല്ലാ സീറ്റുകളിലും എസ്.എഫ്.ഐ. മത്സരിപ്പിക്കുന്നത്.

വിക്ടോറിയ കോളജിന്റെ 130 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് മുഴുവന്‍ സീറ്റുകളിലേക്കും പെണ്‍കുട്ടികള്‍ മത്സരിക്കാനൊരുങ്ങുന്നത്. ഒന്‍പതു ജനറല്‍ സീറ്റുകളിലേക്കും ബിരുദ-ബിരുദാനന്തര ബിരുദ പ്രതിനിധി സ്ഥാനങ്ങളിലേക്കും മത്സരിക്കുന്നത് പെണ്‍കുട്ടികള്‍ തന്നെയാണ്.

Also Read: മനോരമ കുടുംബം അനധികൃതമായി കൈവശം വച്ച ക്ഷേത്ര ഭൂമി തിരിച്ചുപിടിച്ചു; നടപടി 16 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍

കോളജില്‍ പഠിക്കുന്ന 2000ത്തോളം വരുന്ന വിദ്യാര്‍ത്ഥികളില്‍ എഴുപത്തഞ്ചു ശതമാനവും പെണ്‍കുട്ടികളാണെന്ന് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറയുന്നു. “ആണ്‍കോയ്മയുടെ വര്‍ത്തമാനകാല രാഷ്ട്രീയത്തെ പ്രതിരോധിക്കുക എന്ന നിലപാടുമായാണ് വിക്ടോറിയയില്‍ എസ്.എഫ്.ഐ പെണ്‍പടയെ അവതരിപ്പിക്കുന്നത്” എന്ന് വിക്ടോറിയ എസ്.എഫ്.ഐയുടെ കുറിപ്പില്‍ പറയുന്നു.

ഇതിനു മുന്‍പും മഹാരാജാസ് കോളജില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ മാത്രമടങ്ങുന്ന പാനല്‍ എസ്.എഫ്.ഐ അവതരിപ്പിച്ചിരുന്നു. രസിത, അഫ്രീന്‍ സോന, നിരഞ്ജന എസ്., ശ്രീലക്ഷ്മി, ശാലിമ, ശ്രേയ, അര്യ എം.പി, ആര്‍ദ്ര പി. ഗോപിനാഥ്, ചെഷ്മ ടി.സി എന്നിവരാണ് ജനറല്‍ സീറ്റുകളില്‍ മത്സരിക്കുന്നത്.

We use cookies to give you the best possible experience. Learn more