| Monday, 10th January 2022, 7:40 pm

കെ. സുധാകരന്റെ പരിപാടിയിലേക്ക് പ്രതിഷേധ പ്രകടനവുമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍, പോരിന് വന്നാല്‍ തലയും വെട്ടുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലപ്പുറത്ത് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പരിപാടിയിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകകരുടെ മാര്‍ച്ച്. സുധാകരനെതിരെ മുദ്രാവാക്യം വിളികളുമായി നിരവധി എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് സ്ഥലത്തെത്തിയത്. ഒന്നേ ഒന്ന് മറക്കണ്ട, തിരിച്ചടിക്കുമെന്നും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.

എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് മാറ്റിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകും പ്രകോപപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു. പിണറായി കുരക്കുന്നത് കണ്ട് ഞങ്ങടെ നേരെ കുരക്കണ്ട, പോരിന് വന്നാല്‍ തലയും വെട്ടുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. പൊലിസിന്റെ സാനിധ്യത്തിലാണ് കോണ്‍ഗ്രസ് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്.

എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും എസ്.എഫ്.ഐ സി.പി.ഐ.എം പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങളും പ്രകോപനപരമായ മുദ്രാവാക്യം വിളികളും നടക്കുന്നുണ്ട്. പലഭാഗങ്ങളിലും സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്ന സാഹചര്യമുണ്ടായി.

കൊല്ലത്ത് ഡി.വൈ.എഫ്.ഐ പ്രതിഷേധത്തിനിടക്ക് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഇതിന് സമീപത്തു കൂടി കടന്നുപോവുകയും വാഹനത്തിന് ചുറ്റും കൂടിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വാഹനം ആക്രമിക്കുകയും ചെയ്തു.

എം.പി ഈ സമയം വാഹനത്തിന് അകത്ത് ഉണ്ടായിരുന്നു. സംഭവത്തില്‍ ആര്‍.എസ്.പി പരാതി നല്‍കിയിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.

പുനലൂരില്‍ എസ്.എഫ്.ഐ, ഡി.വൈ,എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടയില്‍ നഗരത്തില്‍ സ്ഥാപിച്ച കോണ്‍ഗ്രസിന്റെ കൊടിമരം പ്രവര്‍ത്തകര്‍ തകര്‍ത്തു. പൊലീസിന്റെ സാനിധ്യത്തിലാണ് കൊടിമരം തകര്‍ത്തതെന്നും പ്രവര്‍ത്തകരെ തടയാന്‍ പൊലീസ് ശ്രമിച്ചില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

തുടര്‍സംഘര്‍ഷങ്ങളുണ്ടാകാതിരിക്കാന്‍ കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിക്കുന്നുണ്ട്. ചവറയിലും പുനലൂരിലും ഇപ്പോള്‍ സ്ഥിതി ശാന്തമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: sfi, dyfi protest on dheeraj murder case

We use cookies to give you the best possible experience. Learn more