ഹൈദരാബാദ്: വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ നാലാം തവണയും ഇടത് വിദ്യാര്‍ത്ഥി സഖ്യത്തിന് വിജയം.
എസ്.എഫ്.ഐ (സ്റ്റുഡന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ), ഡി.എസ്.യു (ദളിത് സ്റ്റുഡന്റ് യൂണിയന്‍), എ.എസ്.എ (അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്‍), ബി.എസ്.എഫ് (ബഹുജന്‍ സ്റ്റുഡന്റ് ഫ്രണ്ട്) സഖ്യമാണ് സര്‍വകലാശാലയില്‍ തെരഞ്ഞെടുക്കപ്പെട്ടത്.
തുടര്‍ച്ചയായ നാലാം തവണയാണ് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ഇടത് വിദ്യാര്‍ത്ഥി സഖ്യം തെരഞ്ഞെടുക്കപ്പെടുന്നത്. എന്‍.എസ്.ഐ.യു, എ.ബി.വി.പി എന്നീ വിദ്യാര്‍ത്ഥി സംഘടനകളെ രണ്ടും മൂന്നും സ്ഥാനത്തേക്ക് തള്ളിയാണ് ഇടത് വിദ്യാര്‍ത്ഥി മുന്നണി തെരഞ്ഞെടുക്കപ്പെട്ടത്.
ഡി.എസ്.യുവിന്റെ ഉമേഷ് അംബേദ്ക്കറാണ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി വിജയിച്ചത്. 1,313 വോട്ടുകള്‍ നേടിയാണ് ഉമേഷ് തെരഞ്ഞെടുക്കപ്പെട്ടത്. എ.ബി.വി.പി മുന്‍ സെക്രട്ടറിയായ ആകാശ് ഭാട്ടിയെ പരാജയപ്പെടുത്തിയാണ് ഉമേഷ് വിജയിച്ചത്.
എസ്.എഫ്.ഐയുടെ നിഹാദ് സുലൈമാന്‍ ജനറല്‍ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു.
എ.എസ്.എയുടെ ആകാശ് കുമാര്‍ യൂണിയന്‍ വൈസ് പ്രസിഡന്റായും ജയിച്ചു. എ.ബി.വി.പി-എസ്.എല്‍.വി.ഡി സ്ഥാനാര്‍ത്ഥിയായ പവനയെ 1,323 വോട്ടുകള്‍ക്കാണ് ആകാശ് തോൽപ്പിച്ചത്.
ജോയിന്റ് സെക്രട്ടറിയായി ബി.എസ്.എഫിന്റെ ത്രിവേണിയും കള്‍ച്ചറല്‍ സെക്രട്ടറിയായി എ.എസ്.എയുടെ കെ.വി. കൃഷ്ണമൂര്‍ത്തിയും തെരഞ്ഞെടുക്കപ്പെട്ടു.
സ്‌പോര്‍ട്‌സ് സെക്രട്ടറി സ്ഥാനം ഇടത് വിദ്യാര്‍ത്ഥിയെ തള്ളി എന്‍.എസ്.ഐ.യു നേടുകയും ചെയ്തു. 10 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു എന്‍.എസ്.യു.ഐ സ്ഥാനാര്‍ത്ഥി യൂണിയനിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. എം.എ മീഡിയ സ്റ്റഡീസ് വിദ്യാര്‍ത്ഥിയായ മാംഗ്പിയാണ് സ്‌പോര്‍ട്‌സ് സെക്രട്ടറിയായി തെരഞ്ഞെടുക്കെപ്പട്ടത്.
ഹൈദരാബാദ് സര്‍വകലാശാലയില്‍ തെരഞ്ഞെടുക്കപ്പെട്ട നിഹാദ് കാസര്‍ഗോഡ് സ്വദേശിയാണ്. എ.ബി.വി.പിയുടെ യശ്വസിയെ 270 വോട്ടിനാണ് നിഹാദ് തോല്‍പ്പിച്ചത്. 1390 വോട്ടുകള്‍ക്കാണ് നിഹാദ് യൂണിയനില്‍ സ്ഥാനം പിടിച്ചത്.
തെരഞ്ഞെടുപ്പ് വിജയത്തില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ക്യാമ്പസില്‍ ആഹ്ലാദ പ്രകടനം നടത്തിയത്. ക്യാമ്പസിലെ രോഹിത് വെമുല സ്മാരകത്തിന് മുമ്പില്‍ വിദ്യാര്‍ത്ഥികള്‍ ആഹ്ലാദ പ്രകടനം അവസാനിപ്പിക്കുകയും ചെയ്തു.
ഒക്ടോബര്‍ ആദ്യവാരത്തില്‍ ക്യാമ്പസ് യൂണിയനെ പിരിച്ചുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കാവിവത്ക്കരണത്തിനും വിദ്യാഭ്യാസ മേഖലയിലെ കടന്നുകയറ്റത്തിനും എതിരെ ശബ്ദമുയര്‍ത്തിയാണ് ഇടത് വിദ്യാര്‍ത്ഥി മുന്നണി തെരഞ്ഞെടുക്കപ്പെട്ടത്.
Content Highlight: SFI-DSU-ASA-BSP alliance in University of Hyderabad for the fourth time