കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ‘സംഘി ചാൻസലർ വാപസ് ജാവോ’ എന്നെഴുതിയ എസ്.എഫ്.ഐ ബാനറുകൾ പൊലീസിനെ കൊണ്ട് നീക്കം ചെയ്യിച്ച ഗവർണറുടെ നടപടിക്ക് പിന്നാലെ വീണ്ടും കെട്ടി എസ്.എഫ്.ഐ.
ഡിസംബർ 17ന് രാത്രി ഏഴ് മണിയോടെയാണ് സർവലാശാലയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൊലീസിനോട് കയർക്കുകയും ബാനറുകൾ അഴിപ്പിക്കാൻ നേരിട്ട് രംഗത്തിറങ്ങുകയും ചെയ്തു.
ഉടൻ തന്നെ ബാനറുകൾ അഴിച്ചുമാറ്റിയില്ലെങ്കിൽ മറുപടി പറയേണ്ടി വരുമെന്ന് മലപ്പുറം എസ്.പിക്ക് ഗവർണർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പൊലീസ് എസ്.എഫ്.ഐ സ്ഥാപിച്ച മൂന്ന് ബാനറുകൾ അഴിച്ചുമാറ്റിയത്.
നിങ്ങൾ ഇതൊന്നും കാണുന്നില്ലേ എന്ന് ചോദിച്ച ഗവർണർ ബാനറുകൾ മാറ്റിയില്ലെങ്കിൽ ഇവിടെ നിന്ന് പോകുമെന്നും അങ്ങനെ സംഭവിച്ചാൽ എസ്.പി ഉത്തരവാദിത്തമേൽക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നു.
എന്നാൽ ബാനറുകൾ നീക്കിയതിന് തൊട്ടുപിന്നാലെ എസ്.എഫ്.ഐ പ്രവർത്തകർ ഗവർണറുടെ കോലം കത്തിക്കുകയും വീണ്ടും ബാനറുകൾ കെട്ടുകയുമായിരുന്നു. മിസ്റ്റർ ചാൻസലർ ദിസ് ഈസ് കേരള, Don’t spit Hans and Pan Parag Here എന്നെഴുതിയ പുതിയ ബാനറുകളും സർവകലാശാലയിൽ സ്ഥാപിച്ചിട്ടുണ്ട്.
പൊലീസ് ബാരിക്കേഡിന് മുകളിൽ കയറി നിന്നു കൊണ്ടായിരുന്നു ബാനറുകൾ വീണ്ടും കെട്ടിയത്.
ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ചുകൊണ്ട് Don’t spit Hans and Pan Parag Here എന്ന് എസ്.എഫ്.ഐ പ്രവർത്തകർ റോഡിൽ എഴുതി. ലഹരി വിരുദ്ധ മുദ്രാവാക്യമാണ് തങ്ങൾ ഉയർത്തുന്നതെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ മാധ്യമങ്ങളോട് പറഞ്ഞു.
ഗവർണറെ ക്യാംപസുകളിൽ പ്രവേശിപ്പിക്കില്ലെന്ന എസ്.എഫ്.ഐ പ്രസ്താവനയെ വെല്ലുവിളിച്ച് ഗവർണർ ഇന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിൽ താമസിക്കാനെത്തുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പലർച്ചെ തന്നെ എസ്.എഫ്.ഐ പ്രവർത്തകരെത്തി ഗവർണർക്കെതിരെ ബാനറുയർത്തിയത്.
ചാൻസലർ ഗോ ബാക്ക് എന്ന് ഇംഗ്ലീഷിലും സംഘി ചാൻസലർ വാപസ് ജാവോ എന്ന് ഹിന്ദിയിലും ആലേഖനം ചെയ്ത രണ്ട് ബാനറുകളാണ് യൂണിവേഴ്‌സിറ്റി ക്യാംപസിലേക്ക് പ്രവേശിക്കുന്ന കവാടത്തിൽ തന്നെ ഉയർത്തിയിരുന്നത്.
മിസ്റ്റർ ഗവർണർ യു ആർ നോട്ട് വെൽകം ഹിയർ എന്ന് ആലേഖനം ചെയ്ത മറ്റൊരു ബാനറും സർവകലാശാല കവാടത്തിലുണ്ട്.
ശാഖയിൽ പഠിച്ചത് ശാഖയിൽ മതിയെന്നും സർവകലാശാലയിൽ വേണ്ടെന്നുമുള്ള ചെറിയ പോസ്റ്ററുകളും ക്യാംപസിൽ സ്ഥാപിച്ചിട്ടുണ്ട്. ചാൻസലർ ആരാ രാജാവോ, ആർ.എസ്.എസ് നേതാവോ എന്നും മറ്റൊരു പോസ്റ്ററിൽ പറയുന്നു. കറുത്ത നിറത്തിലുള്ള ബാനറുകളാണ് ഉയർത്തിയിട്ടുള്ളത്.
Content Highlight: SFI displays banners again after Governor Arif Muhammed khan made police remove banners