| Friday, 29th May 2015, 9:37 pm

മോദി വിമര്‍ശനത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥി സംഘടനയ്‌ക്കെതിരെയുള്ള നിരോധനം പിന്‍വലിക്കണമെന്ന് എസ്.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോദി വിമര്‍ശനത്തിന്റെ പേരില്‍ മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികളുടെ സംവാദ കൂട്ടായ്മയായ “അംബേദ്കര്‍ പെരിയാര്‍ സ്റ്റുഡന്റ്‌സ് സര്‍ക്കിളി” ( എ.പി.എസ്.സി)നെതിരെയുള്ള നിരോധനം പിന്‍വലിക്കണമെന്ന് എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി. എച്ച്.ആര്‍.ഡി മന്ത്രാലയം പുറപ്പെടുവിച്ച തെറ്റായ അന്വേഷണ ഉത്തരവ് പിന്‍വലിക്കണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു.

എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികളെ ഒരുമിച്ച് ചേര്‍ത്ത് നരേന്ദ്ര മോദിക്കെതിരെയും ഹിന്ദി ഭാഷ, ഗോവധ നിരോധനം തുടങ്ങിയ സര്‍ക്കാരിന്റെ നയങ്ങളെയും ചോദ്യം ചെയ്യുന്നുവെന്ന് ആരോപിച്ച് അജ്ഞാത പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു സംഘടനയെ നിരോധിച്ചത്.

ക്യാമ്പസുകളില്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനുമുള്ള ജനാധിപത്യപരമായ അവകാശം ഇല്ലാതാക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് എസ്.എഫ്.ഐ പ്രസ്താവനയില്‍ വ്യക്തമാക്കി. പരാതി കത്തിന്റെ ഉറവിടമോ അതിന്റെ സത്യാവസ്ഥയോ അന്വേഷിക്കാതെയുള്ള എച്ച്.ആര്‍.ഡി മന്ത്രാലയത്തിന്റെ നടപടി ചോദ്യം ചെയ്യപ്പെടേണ്ടതും കുറ്റകരവുമാണ്, അതുപോലെ തന്നെയാണ് കുറ്റം ആരോപിക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഭാഗം കേള്‍ക്കാന്‍ കൂട്ടാകാത്തയുള്ള ഐ.ഐ.ടിയുടെ നടപടിയുമെന്നും എസ്.എഫ്.ഐ ആരോപിക്കുന്നു.

ക്യാമ്പസിലെ ജനാധിപത്യത്തിന്മേല്‍ ആക്രമം നടത്തുന്നതിന്റെ തുടര്‍ച്ചയാണിതെന്നും അവര്‍ പറഞ്ഞു. കോളേജിലെ ജനാധിപത്യ അന്തരീക്ഷത്തിന് മേലുള്ള അതിക്രമം അംഗീകരിക്കില്ലെന്നും എ.പി.എസ്.സിക്ക് എല്ലാ പിന്തുണയും നല്‍കുന്നതായും അവരെ അഭിനന്ദിക്കുന്നതായും എസ്.എഫ്.ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more