'കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ട്ടി വിട്ടതിന്റെ ജാള്യത'; എ.ഐ.എസ്.എഫ് വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് എസ്.എഫ്.ഐ
Kerala News
'കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ട്ടി വിട്ടതിന്റെ ജാള്യത'; എ.ഐ.എസ്.എഫ് വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് എസ്.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd October 2021, 3:57 pm

കൊച്ചി: എം.ജി യൂണിവേഴ്സിറ്റിയില്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ എസ്.എഫ്.ഐക്കാര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി.

കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ട്ടി വിട്ടതിന്റെ ജാള്യത മറയ്ക്കാന്‍ തങ്ങള്‍ക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു.

ക്യാമ്പസുകളില്‍ ഇരവാദം സൃഷ്ടിച്ച് സഹതാപം പടിച്ചുപറ്റാന്‍ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്ന എ.ഐ.എസ്.എഫിന്റെ വ്യാജ പ്രചരണങ്ങളെ വിദ്യാര്‍ത്ഥികള്‍ തള്ളികളയണമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിന്‍ ദേവ്, പ്രസിഡന്റ് വി.എ. വിനീഷ് എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

കെ.എസ്.യൂ- എ.ഐ.എസ്.എഫ്- എം.എസ്.എഫ് സഖ്യത്തിന്റെ ഭാഗമാണ് വ്യാജ പ്രചരണമന്നും എസ്.എഫ്.ഐ ആരോപിച്ചു.

‘ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരീപക്ഷം സമ്മാനിച്ചാണ് എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികളെ വിദ്യാര്‍ത്ഥികള്‍ വിജയിപ്പിച്ചത്. വലതുപക്ഷ പാളയം ചേര്‍ന്ന് നിരന്തരം എസ്.എഫ്.ഐ വിരുദ്ധ പ്രചരണങ്ങള്‍ നടത്തി തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ തീര്‍ത്തും അനഭിലഷണിയ പ്രവണതകളാണ് എ.ഐ.എസ്.എഫിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

10 കൗണ്‍സിലര്‍മാര്‍ തങ്ങള്‍ക്കൊപ്പമുണ്ട് എന്ന് അവകാശപ്പട്ട എ.ഐ.എസ്.എഫ്, സ്റ്റുഡന്റ് കൗണ്‍സില്‍ സീറ്റുകളില്‍ ഒരു സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്താഞ്ഞത് കെ.എസ്.യൂ- എ.ഐ.എസ്.എഫ്- എം.എസ്.എഫ് സഖ്യത്തിന്റെ ഭാഗമാണ്,’ എസ്.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.

പ്രിഫറെന്‍സുകള്‍ നല്‍കി വിജയിപ്പിക്കേണ്ട സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ കെ.എസ്.യൂവിന് കഴിയാതെ വരുകയും അവര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.ഇത് എ.ഐ.എസ്.എഫ് ഉള്‍പ്പെടുന്ന ആന്റി എസ്.എഫ്.ഐ മുന്നണിക്ക് തിരിച്ചടിയായിയെന്നും പ്രസ്താവനയില്‍ പറഞ്ഞു.

‘എസ്.എഫ്.ഐ നേതാക്കളാണ് എന്ന് തെറ്റിധരിപ്പിച്ച് കൗണ്‍സിലേഴ്‌സിനെ വിളിച്ചു ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ സംഘടിപ്പിച്ചു കള്ളവോട്ടു ചെയ്യാന്‍ ശ്രമിച്ചത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് തെരഞ്ഞെടുപ്പു ദിവസം ക്യാമ്പസില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്ക് കാരണം.
വസ്തുതകള്‍ ഇതായിരിക്കേ ബോധപൂര്‍വ്വം തെറ്റുധാരണ പരത്തി, കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വലതുപക്ഷ പാളയത്തില്‍ ചേക്കേറിയതിന്റെ ജാള്യത മറയ്ക്കാന്‍ ക്യാമ്പസുകളില്‍ ഇരവാദം സൃഷ്ടിച്ച് സഹതാപം പിടിച്ചുപറ്റാന്‍ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്ന എ.ഐ.എസ്.എഫിന്റെ വ്യാജ പ്രചരണങ്ങളെ വിദ്യാര്‍ത്ഥികള്‍ തള്ളികളയണം,’ എസ്.എഫ്.ഐ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: SFI demands end to AISF fake propaganda