ന്യൂദല്‍ഹി: എസ്.എഫ്.ഐ മുന്‍ സംസ്ഥാന കമ്മറ്റി അംഗം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പെണ്‍കുട്ടി ലൈംഗികാതിക്രമ ആരോപണം ഉയര്‍ത്തിയ സംഭവത്തില്‍ വിശദീകരണവുമായി എസ്.എഫ്.ഐ ദല്‍ഹി യൂണിറ്റ്.
സംഘടനയുമായി ചേര്‍ന്ന് മുമ്പ് പ്രവര്‍ത്തിച്ച വ്യക്തികള്‍ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, വിഷയത്തില്‍ പെണ്‍കുട്ടിക്ക് എല്ലാ വിധത്തിലുമുള്ള പിന്തുണയും ഉണ്ടെന്നും വ്യക്തമാക്കുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്. എസ്.എഫ്.ഐ എന്നും ലിംഗവിവേചനത്തിനും, ലൈംഗികാതിക്രമങ്ങള്‍ക്കും എതിരെയാണ്് നില കൊണ്ടിട്ടുള്ളതെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
പെണ്‍കുട്ടിക്ക് ആവശ്യമെങ്കില്‍ നിയമസഹായങ്ങള്‍ ലഭ്യമാക്കാന്‍ കൂടെ നില്‍ക്കും എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.
ആരോപണ വിധേയരായ വ്യക്തികള്‍ക്ക് ഇപ്പോള്‍ എസ്.എഫ്.ഐയുമായി ബന്ധമില്ലാത്തതിനാല്‍ സംഘടന നടപടികള്‍ സ്വീകരിക്കാന്‍ സാധ്യമല്ലെന്നും പോസ്റ്റില്‍ പറയുന്നു.
ദല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജുകളിലെ ഇന്റേണല്‍ കംപ്ലെയിന്റ് കമ്മറ്റി പ്രവര്‍ത്തനക്ഷമം അല്ലെന്നും, പല കേസുകളിലും പരാതിക്കാര്‍ക്ക് ആത്മവിശ്വാസം പകരുന്ന നടപടികള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും പോസ്റ്റില്‍ കുറ്റപ്പെടുത്തലുണ്ട്. ജി.എസ്. ക്യാഷ് പോലെയുള്ള സംവിധാനങ്ങള്‍ ഉണ്ടെങ്കിലേ ഇത്തരം പരാതികള്‍ ഫലപ്രദമായി പരിഹരിക്കാന്‍ സാധിക്കൂ എന്നും എസ്.എഫ്.ഐ പറയുന്നു.
എസ്.എഫ്.ഐ പ്രവര്‍ത്തക കൂടിയായ പെണ്‍കുട്ടിയാണ് ദല്‍ഹി യൂണിവേഴ്‌സിയിലെ മൂന്ന് പേര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ ലൈംഗികാരോപണം ഉയര്‍ത്തിയത്. ഇതിനെ തുടര്‍ന്ന് ഒരാളെ യുവസമിതി പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് എസ്.എഫ്.ഐയുടെ വിശദീകരണം.
രാജ്യത്തെ സര്‍വ്വകലാശാലകളായ ദല്‍ഹി, ഹൈദരബാദ് എന്നിവടങ്ങളിലെ പെണ്‍കുട്ടികളും സമാനമായ വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയ വഴി നടത്തിയിട്ടുണ്ട്.