കൊച്ചി: തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ ജാനകിക്കും നവീനുമെതിരെ ഉയര്‍ന്ന വിദ്വേഷ പ്രചരണത്തിന് പിന്നാലെ ഇരുവര്‍ക്കും പിന്തുണ നല്‍കി, ഡാന്‍സ് ചലഞ്ചുമായി എസ്.എഫ്.ഐ.
ലവ് ജിഹാദ് ആരോപിച്ച് ആയിരുന്നു ഇരുവര്‍ക്കും എതിരെ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം ആരംഭിച്ചത്. ഇതിന് പിന്നാലെ ഇവരെ പിന്തുണച്ച് സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ജാനകിയ്ക്കും നവീനും പിന്തുണ പ്രഖ്യാപിച്ച് റാസ്പുടിന്‍ ഗാനത്തിന് നൃത്തച്ചുവട് വെക്കാന്‍ വിദ്യാര്‍ഥികളെ ക്ഷണിച്ച് കുസാറ്റ് എസ്.എഫ്.ഐ രംഗത്തെത്തിയത്.
ഒറ്റയ്ക്കും രണ്ടുപേരായിട്ടും മത്സരത്തില്‍ പങ്കെടുക്കാം. ‘എന്തോ ഒരു പന്തികേട്’ എന്നാണ് മത്സരത്തിന് പേര് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 14ന് മുമ്പ് അപേക്ഷകള്‍ ലഭിക്കേണ്ടതാണ്. 1500 രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജാനകിക്കും നവീനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മത്സരം നടക്കുന്നത്. സ്റ്റെപ്പ് എന്ന ഹാഷ് ടാഗിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളായ ജാനകിയും നവീനും കോളേജിന്റെ കോറിഡോറില്‍ വെച്ച് കളിച്ച 30 സെക്കന്‍ഡുള്ള നൃത്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
”റാ റാ റാസ്പുടിന്‍… ലവര്‍ ഓഫ് ദ് റഷ്യന്‍ ക്വീന്‍…” എന്ന ബോണി എം ബാന്‍ഡിന്റെ പാട്ടിനൊത്തായിരുന്നു ഇവരുടെ ഡാന്‍സ്. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ നവീന്‍ പങ്കുവച്ച വിഡിയോ മിനുറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഇരുവരേയും അഭിനന്ദിച്ചും വീഡിയോ പങ്കുവെച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.
എന്നാല്‍, ഇതിന് പിന്നാലെ നവീന്റേയും ജാനകിയുടേയും മതം തിരഞ്ഞ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. ജാനകി ഓം കുമാര്‍ എന്ന പേരും നവീന്‍ റസാഖ് എന്ന പേരുമായിരുന്നു ചിലരെ ചൊടിപ്പിച്ചത്.
അഭിഭാഷകനായ കൃഷ്ണരാജ് എന്നയാളാണ് നവീന്റെയും ജാനകിയുടെയും നൃത്തത്തില്‍ ‘എന്തോ ഒരു പന്തികേട് മണക്കുന്നു’ എന്ന തരത്തില്‍ ഫേസ്ബുക്കില്‍ ആദ്യം പോസ്റ്റിട്ടത്. ജാനകിയുടെ മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നത് നല്ലതാണെന്നും സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത് എന്നുമായിരുന്നു ഇയാള്‍ എഴുതിയത്.
ഈ പോസ്റ്റിന് താഴെ സമാനപരാമര്‍ശവുമായി നിരവധി പേര്‍ എത്തി. എന്നാല്‍ ജാനകിയേയും നവീനിനേയും പിന്തുണച്ചുകൊണ്ടായിരുന്നു വലിയൊരു വിഭാഗം പേരും എത്തിയത്. എല്ലാത്തിലും വര്‍ഗീയതയും വിദ്വേഷവും കണ്ടെത്തുന്ന ഇത്തരക്കാര്‍ക്കെതിരെ കേരള ജനത പ്രതികരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
Content Highlight: SFI Dance Chanllenge Support Naveen and Janaki