| Saturday, 5th February 2022, 9:12 pm

ഹിജാബിനെ എതിര്‍ക്കുന്നത് മതേതരത്വത്തിന് എതിരെന്ന് എസ്.എഫ്.ഐ; ഭരണഘടനാവിരുദ്ധമെന്നും അംഗീകരിക്കാനാവില്ലെന്നും പ്രസ്താവന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ണാടകയില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് ഹിജാബ് ധരിക്കാനുള്ള അവകാശത്തിന് നേരെയുള്ള കടന്നുകയറ്റത്തെ അപലപിക്കുന്നതായി എസ്.എഫ്.ഐ.

ഹിജാബ് ധരിക്കുന്നതില്‍ നിന്ന് മുസ്‌ലിം സ്ത്രീകളെ വിലക്കാനുള്ള തീരുമാനം ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഉറപ്പുനല്‍കുന്ന ഭരണഘടനാ സംരക്ഷണത്തിന് വിരുദ്ധമാണെന്ന് എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി. സാനുവും ജനറല്‍ സെക്രട്ടറി മയൂഖ് ബിശ്വാസും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് കോളേജ് ഭരണകൂടത്തിന്റെ ക്രൂര നടപടിയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് നേരെയുള്ള ഈ പീഡനം മുസ്‌ലിം സ്ത്രീകള്‍ക്ക് ഉന്നതവിദ്യാഭ്യാസമേഖലയില്‍ ഏറ്റവും കുറവുള്ള രാജ്യത്താണ് എന്നത് എടുത്തുപറയേണ്ടതാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

വിദ്യാഭ്യാസം അപകടത്തിലാക്കുന്ന മതേതരത്വത്തിനെതിരായ ക്രൂരമായ ആക്രമണമാണിത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ധ്രുവീകരിക്കാനുള്ള ഇടമാക്കി മാറ്റാനുള്ള ഹിന്ദുത്വ സംഘടനകളുടെ ശ്രമങ്ങളാണിതെന്നും എസ്.എഫ്.ഐ കുറ്റപ്പെടുത്തി.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിനെതിരെ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗരേഖ പിന്‍വലിക്കണമെന്നും എസ്.എ.ഫ്‌ഐ ആവശ്യപ്പെട്ടു.

എ.ബി.വി.പി സ്‌കൂളില്‍ കാവി സ്‌കാര്‍ഫ് കയറ്റിയ നടപടിയെ ന്യായീകരിച്ച വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് സ്വീകരിച്ച നിലപാടില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു. സര്‍ക്കാരിന്റെ നിലപാട് വിദ്യാര്‍ത്ഥി വിരുദ്ധവും സ്ത്രീ വിരുദ്ധവുമാണ്. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.

ഹിജാബ് ധരിച്ചതിന്റെ പേരില്‍ കര്‍ണാടകയിലെ പ്രീ യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും വിദ്യാര്‍ഥിനികളെ പുറത്താക്കിയ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രതികരണവുമായി രംഗത്തെത്തിയുരുന്നു.

സരസ്വതി പൂജയുടെ ദിവസം ഓര്‍മിപ്പിച്ച് കൊണ്ടാണ് രാഹുല്‍ ഗാന്ധി കര്‍ണാടക വിഷയത്തെ കുറിച്ച് സംസാരിച്ചത്. സരസ്വതി ദേവി എല്ലാവര്‍ക്കും അറിവ് നല്‍കുന്നുവെന്നും ആരോടും വേര്‍ത്തിരിവ് കാണിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

അതേസമയം, നിലവില്‍ ഹിജാബ്(ശിരോവസ്ത്രം) ധരിച്ചതിന്റെ പേരില്‍ കര്‍ണാടകയിലെ പ്രീ യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് ഹൈക്കോടതിയില്‍ നിന്നും വിധി വരുന്നത് വരെ കോളേജില്‍ പ്രവേശിക്കാനാവില്ല.

സംഭവത്തില്‍ ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള ഹരജിയിന്മേല്‍ കോടതി തീരുമാനമാകുന്നത് വരെ വിദ്യാര്‍ത്ഥിനികള്‍ കോളേജിന് പുറത്ത് തന്നെ തുടരും. അതായത് ഹൈക്കോടതിയില്‍ നിന്നും വിധി വരാന്‍ വൈകിയാലോ കേസ് നീണ്ടുപോയാലോ, നിലവില്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജിന് പുറത്ത് തന്നെ തുടരേണ്ട സ്ഥിതിയാണ്.


CONTENT HIGHLIGHTS: SFI condemns the attack on the right of muslim women to wear ‘hijab’ to their educational institutions in Karnataka

We use cookies to give you the best possible experience. Learn more