| Wednesday, 28th February 2018, 7:26 pm

'കടക്ക് പുറത്ത് എന്ന് പറഞ്ഞതാര്?'; മാധ്യമ സെമിനാറിനിടെ ചോദ്യം ചോദിച്ച അദ്ധ്യാപികയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് എസ്.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കൊണ്ട് ചോദ്യം ചോദിച്ചുവെന്ന് ആരോപിച്ച് കോഴിക്കോട് ലോ കോളേജ് അധ്യാപികയ്ക്കെതിരെ എസ്.എഫ്.ഐയുടെ പരാതി. മീഡിയ സെന്‍സര്‍ഷിപ്പ് എന്ന സെമിനാറിലെ ചോദ്യത്തിനെതിരെയാണ് പരാതി. അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു.

“കടക്ക് പുറത്ത്” എന്ന് പറഞ്ഞത് ആരാണെന്നായിരുന്നു ചോദ്യം. ചോദ്യം മീഡിയ സെന്‍സര്‍ഷിപ്പുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്നും സര്‍ക്കാരിനെയും ഭരണാധികാരികളെയും താറടിച്ചു കാണിക്കാന്‍ വേണ്ടിയുള്ളതാണെന്നുമാണ് എസ്.എഫ്.ഐയുടെ ആരോപണം. ചോദ്യം ചോദിച്ച ഡോ. എ.കെ മറിയാമ്മയ്ക്കെതിരെ നടപടിയെടുക്കണമെന്നും എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള യൂണിയന്‍ ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച പരാതി പ്രിന്‍സിപ്പലിനും ഉന്നത അധികാരികള്‍ക്കും നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 21 മുതല്‍ കോളേജില്‍ നടന്ന നാഷണല്‍ സെമിനാറില്‍ മീഡിയ സെന്‍സര്‍ഷിപ്പ് എന്ന വിഷയത്തോടനുബന്ധിച്ചു നടന്ന സെഷനിലാണ് ചോദ്യം ചോദിച്ചത്.

ചോദ്യത്തിന് പിണറായി വിജയന്‍ എന്ന് ഉത്തരം പറഞ്ഞ വിദ്യാര്‍ഥിയെ അദ്ധ്യാപിക അഭിനന്ദിച്ചത് സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും അദ്ധ്യാപികയുടെ രാഷ്ട്രീയം വ്യക്തമാക്കുന്നതാണ് ഈ പ്രവൃത്തിയെന്നും എസ്.എഫ്.ഐ ആരോപിച്ചു.

എന്നാല്‍ മീഡിയ സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പോലും എസ്.എഫ്.ഐ സെന്‍സര്‍ ചെയ്യുകയാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും കെ.എസ്.യു പ്രതികരിച്ചു. കഴിഞ്ഞ ദിവസം കോളേജില്‍ നിന്ന് 8 എസ്.എഫ്.ഐ പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തിരുന്നു. അധ്യാപകരെ സമ്മര്‍ദ്ദത്തിലാക്കി ഇവരെ തിരിച്ചെടുക്കാനാണ് പരാതിയെന്ന് കെ.എസ്.യു ആരോപിക്കുന്നു.

വീഡിയോ:

പരാതിയുടെ പകര്‍പ്പ്:

We use cookies to give you the best possible experience. Learn more