തിരുവനന്തപുരം: ആണത്തക്കരുത്തിന്റേയും ആങ്ങളക്കരുത്തിന്റേയും തണലിലേക്ക് എസ്.എഫ്.ഐയുടെ വനിതാ നേതാക്കളെ പ്രതിഷ്ഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആരായാലും അപമാനിക്കുന്നത് എസ്.എഫ്.ഐ എന്ന പ്രസ്ഥാനത്തേയാണെന്ന് എസ്.എഫ്.ഐ കേന്ദ്ര എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം നിതീഷ് നാരായണന്‍.
രാഷ്ട്രീയമായ ഐക്യപ്പെടലുകള്‍ക്കപ്പുറം മറ്റൊന്നും ആരില്‍ നിന്നായാലും തങ്ങളെ മോഹിപ്പിക്കുന്നില്ലെന്നും നിതീഷ് നാരായണന്‍ പോസ്റ്റില്‍ പറയുന്നു.
പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ നടാനെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെ തടഞ്ഞ എ.ബി.വി.പിക്കാരോട് ഒറ്റയ്ക്ക് വാഗ്വാദത്തിലേര്‍പ്പെടുന്ന വനിതാ നേതാവ് സരിതയുടെ വീഡിയോ വൈറലായതിന് പിന്നാലെയായിരുന്നു “വാശിയും തെമ്മാടിത്തരവും ഈ പ്രസ്ഥാനത്തിലെ പെണ്‍പുലികളോട് വേണ്ടെന്നും അകത്തും പുറത്തും നല്ല നട്ടെല്ലുള്ള ആങ്ങളമാര്‍ അവള്‍ക്കുണ്ട്” എന്നും പറഞ്ഞ് ചിലര്‍ സോഷ്യല്‍മീഡിയയില്‍ എത്തിയത്. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗം രംഗത്തെത്തിയത്.
“ത്രിപുരയില്‍ ആര്‍.എസ്.എസുകാരാല്‍ വീട് കയറി ആക്രമിക്കപ്പെട്ട എസ്.എഫ്.ഐ അഖിലേന്ത്യാ ഉപാദ്ധ്യക്ഷ സഖാവ് നിലഞ്ജന റോയ്‌യും തൃശ്ശൂരിലെ വിവേകാനന്ദ കോളേജില്‍ എ.ബി.വി.പി തെമ്മാടിക്കൂട്ടത്തിന്റെ ആക്രോശങ്ങള്‍ക്ക് കീഴടങ്ങാതിരുന്ന എസ്.എഫ്.ഐ നേതാവ് സഖാവ് സരിതയും നിര്‍ഭയം രാഷ്ട്രീയ പ്രവര്‍ത്തനം തുടരുമെന്നും ആണത്തക്കരുത്തിന്റേയോ ആങ്ങളക്കരുത്തിന്റെയോ തണലിലേക്ക് അവരെ പ്രതിഷ്ഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആരായാലും അപമാനിക്കുന്നത് ഈ പോരാളികളെയും അവരുടെ പ്രസ്ഥാനമായ എസ്.എഫ്.ഐയെയും തന്നെയാണെന്നും” നിതീഷ് നാരായണന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
“ഇന്നലെ തമിഴ്‌നാട്ടില്‍ അറസ്റ്റ് ചെയ്യപ്പെട്ട എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് മാരിയപ്പന്‍ ഉള്‍പ്പടെയുള്ള പതിനൊന്ന് സഖാക്കള്‍ക്കും നിലഞ്ജനയെയും സരിതയെയും പോലുള്ളവര്‍ക്കും എല്ലാം ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയത്തിന്റെ തണലും തഴമ്പുമാണ് ഊര്‍ജ്ജം.
ഒരു കൂട്ടര്‍ ആദര്‍ശ ധീരരും മറ്റൊരു കൂട്ടം ആങ്ങളപ്രാപികളും എന്ന അശ്ലീലം എസ്.എഫ്.ഐക്ക് ആഘോഷിക്കാനുള്ളതല്ല. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും മുദ്രാവാക്യശരിമകള്‍ക്കും രക്തസാക്ഷിത്വങ്ങളുടെ ത്യാഗഭരിതമായ ഓര്‍മ്മകള്‍ക്കും പകരുവാനാകുന്ന ആവേശമൊന്നും ആങ്ങളഘോഷണങ്ങള്‍ കൈമാറ്റം ചെയ്യുന്നുമില്ല.
രാഷ്ട്രീയമായ ഐക്യപ്പെടലുകള്‍ക്കപ്പുറം മറ്റൊന്നും ആരില്‍ നിന്നായാലും ഞങ്ങളെ മോഹിപ്പിക്കുന്നില്ല”എന്നും നിതീഷ് നാരായണന്‍ പോസ്റ്റില്‍ പറയുന്നു.