റീ കൗണ്ടിങ്ങിലും തോറ്റ് കെ.എസ്.യു; കേരളവര്‍മയില്‍ ചെയര്‍മാന്‍ അനിരുദ്ധന്‍ തന്നെ
Kerala News
റീ കൗണ്ടിങ്ങിലും തോറ്റ് കെ.എസ്.യു; കേരളവര്‍മയില്‍ ചെയര്‍മാന്‍ അനിരുദ്ധന്‍ തന്നെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd December 2023, 4:53 pm

തൃശൂര്‍: കേരളവര്‍മ കോളേജ് യൂണിയന്‍ റീ കൗണ്ടിങ്ങില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി അനിരുദ്ധന് ജയം. മൂന്ന് വോട്ടുകള്‍ക്കാണ് കെ.എസ്.യു സ്ഥാനാര്‍ത്ഥിയായ ശ്രീകുട്ടനെ പരാജയപ്പെടുത്തി എസ്.എഫ്.ഐ ചെയര്‍മാന്‍ സ്ഥാനം നിലനിര്‍ത്തിയത്.

കോടതി നിര്‍ദേശപ്രകാരമായിരുന്നു റീ കൗണ്ടിങ്. കനത്ത പൊലീസ് സുരക്ഷയില്‍ പ്രിസിപ്പാളിന്റെ ചേംബറിലായിരുന്നു വോട്ടെണ്ണല്‍.

റീ കൗണ്ടിങ്ങില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി കെ.എസ്.അനിരുദ്ധന് 892 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കെ.എസ്.യു സ്ഥാനാര്‍ത്ഥി എസ്. ശ്രീക്കുട്ടന് 889 വോട്ടുകളാണ് ലഭിച്ചത്.

വ്യാജപ്രചരണങ്ങള്‍ക്കുള്ള മറുപടിയാണ് ഈ വിജയമെന്ന് എസ്.എഫ്.ഐ പ്രതികരിച്ചു.

കെ.എസ്.യു സ്ഥാനാര്‍ത്ഥിയായിരുന്ന ശ്രീക്കുട്ടന്‍ നല്‍കിയ ഹരജിയിലാണ് എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥിയുടെ വിജയം റദ്ദാക്കിക്കൊണ്ട് കോടതി റീ കൗണ്ടിങ്ങിന് ഉത്തരവിട്ടത്.

ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഒരു വോട്ടിന് ശ്രീക്കുട്ടന്‍ വിജയിച്ചെന്നായിരുന്നു മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ റീ കൗണ്ടിങ് നടത്തി കോളേജ് അധികൃതര്‍ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി കെ.എസ്. അനിരുദ്ധിനെ പത്തു വോട്ടിന് വിജയിയായി പ്രഖ്യാപിച്ചെന്നായിരുന്നു കെ.എസ്.യുവിന്റെ ആരോപണം.

അര്‍ധരാത്രി നടന്ന റീ കൗണ്ടിങ്ങിനിടയില്‍ രണ്ടുതവണ വൈദ്യുതി മുടങ്ങിയിരുന്നു. ഇതിനിടയില്‍ ബാലറ്റ് പേപ്പര്‍ കേടു വരുത്തിയെന്നും ആദ്യം എണ്ണിയപ്പോള്‍ അസാധുവായി പ്രഖ്യാപിച്ച വോട്ടുകള്‍ സാധുവായി മാറിയെന്നമായിരുന്നു ഹരജിക്കാരന്റെ വാദം.

റീ പോളിങ് നടത്തണമെന്ന കെ.എസ്.യുവിന്റെ വാദം തള്ളിയ കോടതി റീ കൗണ്ടിങ്ങിന് ഉത്തരവിടുകയായിരുന്നു.

 

Content highlight: SFI candidate Anirudhan wins Kerala Varma College Union recount