| Thursday, 15th April 2021, 7:50 am

വന്നത് ചേട്ടനെ ലക്ഷ്യം വെച്ച്; പതിനഞ്ചുകാരനെ കൊന്നത് പരിശീലനം ലഭിച്ച ആര്‍.എസ്.എസുകാരെന്ന് എസ്.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചാരുംമൂട്: ആലപ്പുഴയില്‍ പതിനഞ്ചുകാരനായ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ ആര്‍.എസ്.എസിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ. ആര്‍.എസ്.എസ് നരനായാട്ട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം രംഗത്തുവന്നിരിക്കുന്നത്.

പതിനഞ്ചു വയസ് മാത്രം പ്രായമുള്ള അഭിമന്യുവിനെയാണ് കുത്തിക്കൊലപ്പെടുത്തിയത്. ഡി.വൈ.എഫ്.ഐ വള്ളികുന്നം പടയണിവെട്ടം യൂണിറ്റ് കമ്മിറ്റി അംഗമായ ജ്യേഷ്ഠന്‍ അനന്തുവിനെ ലക്ഷ്യം വെച്ച് വന്ന പരിശീലനം ലഭിച്ച ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം, ജ്യേഷ്ഠനെ കിട്ടാതെ വന്നപ്പോഴാണ് അനുജനെ കൊലപ്പെടുത്തിയതെന്ന് എസ്.എഫ്.ഐ പറയുന്നു.

വിഷുദിനത്തിലും കൊലക്കത്തി രാഷ്ട്രീയവുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ തയ്യാറായ സംഘപരിവാര്‍ ഗുണ്ടകള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും എസ്.എഫ്.ഐ പറയുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രദേശത്ത് സി.പി.ഐ.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

വിഷുവിന് പടയണിവെട്ടം ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തിനിടെയാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്. രാത്രി പത്ത് മണിയോട് കൂടിയായിരുന്നു ആക്രമണം നടന്നത്. മറ്റ് രണ്ട് പേര്‍ക്ക് കൂടി വെട്ടേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

മുന്‍പ് നടന്ന ഒരു സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. നാളുകളായി പ്രദേശത്ത് സി.പി.ഐ.എം – ആര്‍.എസ്.എസ് സംഘര്‍ഷം നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകളുണ്ട്.

വള്ളിക്കുന്നം അമൃത പബ്ലിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു അഭിമന്യു. പുത്തന്‍ചന്തകുറ്റിയില്‍ അമ്പിളികുമാറിന്റെ മകനാണ്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സജയ്ദത്തിന്റെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: SFI calls for protest against RSS for killing 15 year old boy in Charummoodu, Alapuzha

We use cookies to give you the best possible experience. Learn more