തിരവനന്തപുരം: കന്നുകാലി കശാപ്പ് നിരോധനത്തതിനുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ എസ്.എഫ്.ഐ സംസ്ഥാനത്ത് ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നു. സംസ്ഥാനത്തെ 210 ഏരിയ കേന്ദ്രങ്ങളില്‍ ബീഫ് ഫെസ്റ്റ് നടത്താനാണ് എസ്.എഫ്.ഐ തീരുമാനിച്ചിരിക്കുന്നത്.
എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജയ്ക് സി തോമസും സെക്രട്ടറി എം വിജിനും ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബീഫ് ഫെസ്റ്റിവല്‍ നടത്താനുള്ള തീരുമാനം അറിയിച്ചത്. ഫാസിസത്തിനു മുന്നില്‍ തല കുനിക്കുന്നതല്ല ജനാധിപത്യം. ഫാസിസിസ്‌റ് നരിയെ അതിന്റെ മടയില്‍ ചെന്ന് പോരിന് വിളിക്കലാണെന്നു പറഞ്ഞാണ് ജെയ്ക് ബീഫ് ഫെസ്റ്റിവല്‍ വാര്‍ത്ത പുറത്ത് വിട്ടത്.
“ഫാസിസത്തിനു മുന്നില്‍ തല കുനിക്കുന്നതല്ല ജനാധിപത്യം. ഫാസിസിസ്‌റ് നരിയെ അതിന്റെ മടയില്‍ ചെന്ന് പോരിന് വിളിക്കലാണ്. ഭക്ഷണസ്വാതന്ത്ര്യത്തിന്മേലുള്ള ആര്‍.എസ്.എസ് കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ചു നാളെ 210 ഏരിയ കേന്ദ്രങ്ങളില്‍ എസ്.എഫ്.ഐ യുടെ നേതൃത്വത്തില്‍ ബീഫ് ഫെസ്റ്റ്”
കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്നത്. രാഷ്ട്രീയ നേതാക്കള്‍ നിരോധനത്തെ ഫാസിസ്റ്റ് നടപടിയെന്ന് വിശേഷിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്.
പൗരന്റെ അവകാശത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്തവകാശം എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ജനങ്ങളുടെ മേല്‍ സംഘപരിവാര്‍ തങ്ങളുടെ ആഗ്രഹം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിരോധന നീക്കം ജനാധിപത്യ രാഷ്ട്രത്തിനോ ജനാധിപത്യ സംവിധാനത്തിനോ ചേര്‍ന്നതല്ലെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഇഷ്ടമുള്ളത് കഴിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും എന്നാല്‍ ആര്‍.എസ്.എസിന്റെ കീഴില്‍ രാജ്യം അത്യന്തം അപകടകരമായ നിലയിലേക്ക് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍.എസ്.എസ് ആഗ്രഹിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയാല്‍ സംഭവിക്കുന്ന ആപത്തിന്റെ തെളിവാണ് കന്നുകാലി കശാപ്പ് നിരോധനമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.