സംഘി ചാന്‍സലര്‍ വാപസ് ജാവോ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കവാടത്തില്‍ ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ ബാനര്‍
Kerala News
സംഘി ചാന്‍സലര്‍ വാപസ് ജാവോ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കവാടത്തില്‍ ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ ബാനര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th December 2023, 7:41 am

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കവാടത്തില്‍ എസ്.എഫ്.ഐ ബാനറുയര്‍ത്തി. ഗവര്‍ണറെ ക്യാംപസുകളില്‍ പ്രവേശിപ്പിക്കില്ലെന്ന എസ്.എഫ്.ഐ പ്രസ്താവനയെ വെല്ലുവിളിച്ച് ഗവര്‍ണര്‍ ഇന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസില്‍ താമസിക്കാനെത്തുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പലര്‍ച്ചെ തന്നെ എസ്.എഫ്.ഐ പ്രവര്‍ത്തകരെത്തി ഗവര്‍ണര്‍ക്കെതിരെ ബാനറുയര്‍ത്തിയത്.

ചാന്‍സലര്‍ ഗോ ബാക്ക് എന്ന് ഇംഗ്ലീഷിലും സംഘി ചാന്‍സലര്‍ വാപസ് ജാവോ എന്ന് ഹിന്ദിയിലും ആലേഖനം ചെയ്ത രണ്ട് ബാനറുകളാണ് യൂണിവേഴ്‌സിറ്റി ക്യാംപസിലേക്ക് പ്രവേശിക്കുന്ന കവാടത്തില്‍ തന്നെ ഉയര്‍ത്തിയിട്ടുള്ളത്.

മിസ്റ്റര്‍ ഗവര്‍ണര്‍ യു ആര്‍ നോട്ട് വെല്‍കം ഹിയര്‍ എന്ന് ആലേഖനം ചെയ്ത മറ്റൊരു ബാനറും സര്‍വകലാശാല കവാടത്തിലുണ്ട്. ശാഖയില്‍ പഠിച്ചത് ശാഖയില്‍ മതിയെന്നും സര്‍വകലാശാലയില്‍ വേണ്ടെന്നുമുള്ള ചെറിയ പോസ്റ്ററുകളും ക്യാംപസില്‍ സ്ഥാപിച്ചിട്ടുണ്ട്. ചാന്‍സലര്‍ ആരാ രാജാവോ, ആര്‍.എസ്.എസ് നേതാവോ എന്നും മറ്റൊരു പോസ്റ്ററില്‍ പറയുന്നു. കറുത്ത നിറത്തിലുള്ള ബാനറുകളാണ് ഉയര്‍ത്തിയിട്ടുള്ളത്.

അതേ സമയം സംഘപരിവാര്‍ അനുകൂല സംഘടനയുടെ സെമിനാറിന് സര്‍വകലാശാലയിലെത്തുന്ന ഗവര്‍ണര്‍ക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഈ സുരക്ഷ സംവിധാനങ്ങള്‍ മറികടന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബാനറുയര്‍ത്തിയിട്ടുള്ളത്. കോഴിക്കോട്ടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തുന്ന ഗവര്‍ണര്‍ എസ്.എഫ്.ഐയെ വെല്ലുവിളിച്ച് കൊണ്ട് മൂന്ന് ദിവസം സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ടായിരിക്കും ഗവര്‍ണര്‍ കാലിക്കറ്റ് സര്‍വകലാശാല ക്യാംപസിലെത്തുക.

വിവിധ സര്‍വകലാശാല സെനറ്റുകളിലേക്ക് സംഘപരിവാര്‍ അനുകൂലികളെ നോമിനേറ്റ് ചെയ്തതിനെതിരെയാണ് എസ്.എഫ്.ഐ പ്രതിഷേധം

content highlights; SFI banner against the Governor at the gate of Calicut University