നീറ്റ് പരീക്ഷ ഫെഡറലിസത്തിലേക്കുള്ള കടന്നുകയറ്റം
DISCOURSE
നീറ്റ് പരീക്ഷ ഫെഡറലിസത്തിലേക്കുള്ള കടന്നുകയറ്റം
രാഗേന്ദു. പി.ആര്‍
Saturday, 20th July 2024, 1:16 pm

നീറ്റ് പരീക്ഷയെ തുടക്കം മുതല്‍ ശക്തമായി എതിര്‍ത്ത വിദ്യാര്‍ത്ഥി സംഘടനയാണ് എസ്.എഫ്.ഐ. മധ്യപ്രദേശിലെ വ്യാപം അഴിമതി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ദേശീയ മത്സര പരീക്ഷകളില്‍ നടക്കുന്നുണ്ട്. ഇതിനെതിരെ ഒരു കേന്ദ്രീകൃത സംവിധാനം വേണമെന്ന് പറഞ്ഞുകൊണ്ടാണ് ദേശീയ തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നീറ്റ് നടപ്പിലാക്കിയത്.

അക്കാദമിക് ബോഡിയല്ലാത്ത ദേശീയ പരീക്ഷ ഏജന്‍സി (എന്‍.ടി.എ)യെ കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷ തുടങ്ങിവെച്ചത്. ഈ ഘട്ടത്തില്‍ തന്നെ കേന്ദ്രത്തിന്റെ നീക്കത്തെ ശക്തമായി എതിര്‍ത്ത സംഘടനയാണ് എസ്.എഫ്.ഐ.

വി.പി. സാനു

നീറ്റിനെ ഫെഡറലിസത്തിലേക്കുള്ള കടന്നുകയറ്റമായാണ് എസ്.എഫ്.ഐ കാണുന്നത്. അതുവരെ സംസ്ഥാനം നടത്തിയിരുന്ന പരീക്ഷകളുടെ മേലുള്ള അവകാശം യൂണിയന്‍ ഗവണ്‍മെന്റ് ഏറ്റെടുക്കുന്നത് നമ്മള്‍ കണ്ടു. മാത്രമല്ല, പ്രാദേശിക സിലബസുകളെ പൂര്‍ണമായി അവഗണിച്ചുകൊണ്ട് സി.ബി.എസ്.ഇ, ഐ.സി.എസ്.സി സിലബസുകളെ മാത്രം പരിഗണിക്കുന്ന രീതിയാണ് നീറ്റിന്റേത്.

പരീക്ഷയുടെ ആദ്യഘട്ടത്തില്‍ ഭാഷാപരമായ പ്രശ്നങ്ങളും നീറ്റിലുണ്ടായിരുന്നു. ഇംഗ്ലീഷിനും ഹിന്ദിക്കും മാത്രമായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. ഇതിനെതിരെയും എസ്.എഫ്.ഐ ശബ്ദമുയര്‍ത്തിയിരുന്നു. ഇതിനുപിന്നാലെയാണ് യു.ജി.സി നടത്തിയിരുന്ന നെറ്റ്-ജെ.ആര്‍.എഫ് പരീക്ഷകളുടെ നിയന്ത്രണവും എന്‍.ടി.എയ്ക്ക് നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചത്. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ ഈ നടപടിക്കെതിരെയും എസ്.എഫ്.ഐ ശക്തമായി പോരാടി.

നീറ്റിനെതിരെ ആദ്യമായി പ്രതിഷേധം ആരംഭിച്ചത് എഫ്.എഫ്.ഐയാണ്. വലിയ പോരാട്ടങ്ങളാണ് നീറ്റിന്റെ ആദ്യഘട്ടത്തില്‍ എഫ്.എഫ്.ഐ നടത്തിയത്. തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നീറ്റ് വിഷയത്തെ എസ്.എഫ്.ഐ അഭിസംബോധന ചെയ്തു. എസ്.എഫ്.ഐ സമരം ആരംഭിച്ചതിന് ശേഷമാണ് മറ്റു രാഷ്ട്രീയ കക്ഷികള്‍ നീറ്റിനെതിരെ പ്രതിഷേധിക്കുന്നത്.

നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് എസ്.എഫ്.ഐ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ക്രമക്കേട് നടന്നതിന്റെ തെളിവുകള്‍ ആദ്യമായി ഉയര്‍ന്നുവന്നത് ബീഹാര്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ്. ബീഹാറില്‍ ഇതിനുമുമ്പ് റെയില്‍വേ ബോര്‍ഡ് റിക്രൂട്ട് പരീക്ഷയില്‍ സമാനായ രീതിയില്‍ ക്രമക്കേട് നടന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് നീറ്റ് ക്രമക്കേടും പുറത്തുവരുന്നത്.

കൂടാതെ, സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷക്കിടെ ഉത്തരം പറഞ്ഞുകൊടുക്കുന്നതിനായി സ്‌കൂള്‍ കെട്ടിടത്തിന്റെ സെന്‍സൈഡുകളില്‍ കേറിനില്‍ക്കുന്ന രക്ഷിതാക്കളുടെ ചിത്രങ്ങളും ബീഹാറില്‍ നിന്ന് പുറത്തുവന്നിട്ടുണ്ട്. ഇതിനെല്ലാം കാരണമാകുന്നത് വിദ്യാഭ്യാസ മേഖലയെ ചിട്ടയായി നയിക്കാതിരിക്കുന്നതും അഴിമതിയെ തുടച്ചുനീക്കാത്തതുമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പണംകൊണ്ട് ഏത് മത്സര പരീക്ഷയിലും വിജയിക്കാമെന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. ഒപ്പം പണം നല്‍കിയാല്‍ ഏത് അക്കാദമിക് സര്‍ട്ടിഫിക്കറ്റുകളൂം കിട്ടുമെന്ന അവസ്ഥയിലേക്കെത്തി കാര്യങ്ങള്‍.

എന്നാല്‍ കേരളത്തെ സംബന്ധിച്ച്, സാക്ഷരരായ സമൂഹമാണ് സംസ്ഥാനത്തുള്ളത്. മുമ്പ് പരീക്ഷ പേപ്പര്‍ ചോര്‍ന്നതും ചോദ്യപേപ്പര്‍ റോഡില്‍ കിടന്നുകിട്ടിയതുമായ സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതിനെല്ലാം തകര്‍ക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ എല്ലാ പരീക്ഷകളും കൃത്യമായി നടത്താന്‍ ഇടതുപക്ഷ സര്‍ക്കാരിന് സാധിച്ചു.

നീറ്റ് ക്രമക്കേട് വിദ്യാഭ്യാസ മേഖലയെ മാത്രം ബാധിക്കുന്നതല്ല, ആരോഗ്യ മേഖലയെയും കൂടിയാണ്. നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടത്തിയ ഒരാള്‍ക്ക് എം.ബി.ബി.എസ് പരീക്ഷയിലും ക്രമക്കേട് നടത്താന്‍ അനായാസം കഴിയും. അങ്ങനെ സംഭവിച്ചാല്‍, നമ്മുടെ ആശുപത്രികളിലേക്ക് അള്‍സറുമായി എത്തുന്ന രോഗിക്ക് കാന്‍സറാണെന്ന് പറയുന്ന അവസ്ഥയിലേക്കെത്തും കാര്യങ്ങള്‍. ഒരാളുടെ ജീവന്‍ തന്നെ നഷ്ടപ്പെടുന്ന ഗുരുതര പ്രശ്നങ്ങളിലേക്കാണ് നീറ്റ് പരീക്ഷ നീങ്ങുന്നത്.

രാജ്യത്തെ ഗവേഷണ മേഖലയെയും ഉന്നത വിദ്യാഭ്യാസത്തെയും കൂടിയാണ് എന്‍.ടി.എ തകര്‍ക്കുന്നത്. ഇത് ബീഹാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലുള്ള ചില ആളുകളുമായി മാത്രം ബന്ധപ്പെട്ടതല്ല, വലിയ രാഷ്ട്രീയ സ്വാധീനമാണ് നീറ്റ് പരീക്ഷയ്ക്ക് മേല്‍ നടന്നിരിക്കുന്നത്. അതിന് ഉദാഹരണമാണ്, ജൂണ്‍ പകുതിയോടെ പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞ നീറ്റ് പരീക്ഷയുടെ ഫലം ജൂണ്‍ ആദ്യവാരത്തില്‍ തന്നെ പുറത്തുവന്നത്.

നീറ്റിന് പിന്നില്‍ വലിയ രാഷ്ട്രീയ അട്ടിമറി നടന്നിട്ടുണ്ടെന്ന് മനസിലാക്കിയതിനാലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടത്.

ധര്‍മേന്ദ്ര പ്രധാന്‍

എന്‍.ടി.എ പിരിച്ചുവിടണം, പരീക്ഷകള്‍ നടത്താനുള്ള സംസ്ഥാനങ്ങളുടെ അവകാശം പുനഃസ്ഥാപിക്കണം, നെറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ യു.ജി.സിയോ മറ്റു അക്കാദമിക് സമിതികളോ നടത്തുക, ഗവേഷണത്തിനുളള പ്രവേശന മാനദണ്ഡമായി നെറ്റിനെ പരിഗണിക്കരുത് തുടങ്ങിയവയാണ് എസ്.എഫ്.ഐ ഉയര്‍ത്തിയ മറ്റു പ്രധാന വിഷയങ്ങള്‍.

നീറ്റ് സമരങ്ങളെ രാജ്യവ്യാപകമായി എസ്.എഫ്.ഐ ഏറ്റെടുത്തു. ജൂലൈ നാലിന് നടന്ന വിദ്യാഭ്യാസ ബന്ദ് അതിനൊരു ഉദാഹരണമാണ്. ചോദ്യപേപ്പര്‍ ചോര്‍ന്നതുമുതല്‍ കേരളത്തിലടക്കം എസ്.എഫ്.ഐ സമര രംഗത്തുണ്ട്. നെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളും എസ്.എഫ്.ഐ ഏറ്റെടുക്കുകയാണ് ഉണ്ടായത്. വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സംഘടന ആവശ്യപ്പെട്ടിരുന്നു.

കേന്ദ്രത്തിന്റെ നടപടികളില്‍ പ്രതിഷേധിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാജ് ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ എസ്.എഫ്.ഐ നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലടക്കപ്പെടുകയുമുണ്ടായി. കേന്ദ്ര സര്‍ക്കാരിനെതിരായ പോരാട്ടം ഇനിയും കടുപ്പിക്കും.

Content Highlight: SFI All India Prasident VP Sanu reacts in NEET malpractice

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.