| Sunday, 13th March 2022, 4:39 pm

കണ്‍സഷന്‍ ആരുടെയും ഔദാര്യമല്ല അവകാശം, മന്ത്രിയുടെ പ്രസ്താവന അപക്വം: എസ്.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷന്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നടത്തിയത് അപക്വമായ പ്രസ്താവനയെന്ന് എസ്.എഫ്.ഐ.

നിലവിലെ കണ്‍സഷന്‍ തുക കുട്ടികള്‍ക്ക് തന്നെ നാണക്കേടാണെന്ന ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാര്‍ഹമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ഇത്തരത്തിലുള്ള പ്രസ്താവനകളും, അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയോട് കൂടി ചെയ്യേണ്ടതായിരുന്നുവെന്നും അതിനാല്‍ തന്നെ ഈ അഭിപ്രായം തിരുത്താന്‍ മന്ത്രി തയ്യാറാകണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നു.

സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷന്‍ തുക വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നും ആരെയും ബുദ്ധിമുട്ടിപ്പിക്കാത്ത രീതിയില്‍ നിരക്ക് വര്‍ധന നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കണ്‍സഷന്‍ തുക വിദ്യാര്‍ത്ഥികള്‍ നാണക്കേടായി കാണുന്നുവെന്ന് പറഞ്ഞ മന്ത്രി പലരും അഞ്ച് രൂപ കൊടുത്താന്‍ ബാക്കി വാങ്ങാറില്ലെന്നും പറഞ്ഞു.

10 വര്‍ഷം മുമ്പാണ് വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ തുക 2 രൂപയായി നിശ്ചയിച്ചത്. രണ്ട് രൂപ ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ മനപ്രയാസം ഉണ്ടാക്കുന്നു. കണ്‍സഷന്‍ തുക വര്‍ധിപ്പിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പ്രസ്താവനക്കെതിരെ എ.ഐ.എസ്.എഫും, കെ.എസ്.യുവും രംഗത്ത് വന്നിരുന്നു. കണ്‍സഷന്‍ നാണക്കേടാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന വിദ്യാര്‍ത്ഥി വിരുദ്ധമാണെന്നും കേരളത്തിന് നാണക്കേടായ മന്ത്രി നിരുപാധികം മാപ്പ് പറയണമെന്നും എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് യാത്രാ സൗജന്യം വാങ്ങി യാത്ര ചെയ്യുന്നതില്‍ ഏതു വിദ്യാര്‍ത്ഥിക്കാണ് അപമാനമെന്നു മന്ത്രി ആന്റണി രാജു വ്യക്തമാക്കണമെന്ന് കെ.എസ്.യുവും ആവശ്യപ്പെട്ടിരുന്നു.

എസ്.എഫ്.ഐയുടെ പ്രസ്താവന

വിദ്യാര്‍ത്ഥി കണ്‍സഷനുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായം അപക്വം. വിദ്യാര്‍ത്ഥി ബസ് കണ്‍സെഷന്‍ ആരുടെയും ഔദാര്യമല്ല അവകാശമാണ് – എസ്.എഫ്.ഐ.

നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാര്‍ത്ഥികളുടെ അവകാശമാണ് വിദ്യാര്‍ത്ഥി ബസ് കണ്‍സഷന്‍. അത് വര്‍ദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും, അതോടൊപ്പം തന്നെ നിലവിലെ കണ്‍സഷന്‍ തുക കുട്ടികള്‍ക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാര്‍ഹമാണ്.

ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ വിദ്യാര്‍ത്ഥിപക്ഷ സമീപനങ്ങള്‍ക്ക് കോട്ടം തട്ടുന്നതിന് ഇടയാക്കും. ഇത്തരത്തിലുള്ള പ്രസ്താവനകളും, അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയോട് കൂടി ചെയ്യേണ്ടതായിരുന്നു. അതിനാല്‍ തന്നെ ഈ അഭിപ്രായം തിരുത്താന്‍ മന്ത്രി തയ്യാറാകണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. എ. വിനീഷ്, സെക്രട്ടറി അഡ്വ:കെ.എം. സച്ചിന്‍ ദേവ് എം.എല്‍.എ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.


Content Highlight: sfi against minister antony raju on his ipinion regarding bus concession

We use cookies to give you the best possible experience. Learn more