| Thursday, 7th June 2012, 2:55 pm

'വില്‍പനയ്‌ക്കെന്ന ബോര്‍ഡ് മഹാശ്വേതാ ദേവി തൂക്കി നടക്കുന്നു'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രമുഖ ബംഗാള്‍ എഴുത്തുകാരിയും ജ്ഞാനപീഠ ജേതാവുമായ മഹാശ്വേതാ ദേവിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി എസ്എഫ്‌ഐ ദേശീയ ജനറല്‍ സെക്രട്ടറി ഋതബ്രദ ബാനര്‍ജി. മഹാശ്വേതാ ദേവിയെപ്പോലുള്ളവര്‍ നിലപാടുകള്‍ വില്‍പനയ്‌ക്കെന്ന ബോര്‍ഡ് ശരീരത്തില്‍ തൂക്കിയാണ് നടക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

ദീര്‍ഘനാളായി ഇടതുവിരുദ്ധ ചേരിയില്‍ പ്രവര്‍ത്തിക്കുന്ന മഹാശ്വേത ദേവിയെ വന്‍തുകയ്ക്ക് വിലയ്‌ക്കെടുത്തു കഴിഞ്ഞുവെന്നും എസ്.എഫ്‌.െഎ നേതാവ് ആരോപിച്ചു. അവരുടെ പ്രസ്താവനയില്‍ നിന്നു തന്നെ അവരെ ആരാണ് വാങ്ങിയിരിക്കുന്നതെന്ന് വ്യക്തമാണ്.

മഹാശ്വേതാ ദേവിയടക്കമുള്ളവര്‍ മെഴുകുതിരി സമരത്തിന്റെ ഉല്‍പന്നമാണ്. എന്ത് പ്രശ്‌നമുണ്ടായാലും മെഴുകുതിരി കത്തിച്ചു ബംഗാളില്‍ റാലികള്‍ നടത്തിയിരുന്ന ഇവര്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ മൗനം പാലിക്കുകയായിരുന്നു.

നിരന്തരം ഇടതുവിരുദ്ധ പ്രകടനങ്ങള്‍ നടത്തുന്ന ഇവരുടെ നിലപാടുകള്‍ക്ക് വിശ്വാസ്യതയില്ലെന്ന് നേരത്തെ തന്നെ തെളിഞ്ഞതാണെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു. പിണറായി വിജയനും മഹേശ്വതാ ദേവിയും തമ്മില്‍ നടക്കുന്ന “കത്ത് യുദ്ധത്തി”ന്റെ പശ്ചാത്തലത്തില്‍ ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

We use cookies to give you the best possible experience. Learn more