ആർ.എസ്.എസ് അജണ്ട നടപ്പിലാക്കരുത്; പി.എച്ച്.ഡി പ്രവേശനത്തില്‍ നെറ്റ് നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തിനെതിരെ എസ്.എഫ്.ഐ
Kerala News
ആർ.എസ്.എസ് അജണ്ട നടപ്പിലാക്കരുത്; പി.എച്ച്.ഡി പ്രവേശനത്തില്‍ നെറ്റ് നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തിനെതിരെ എസ്.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th November 2024, 6:19 pm

തിരുവനന്തപുരം: പി.എച്ച്.ഡി പ്രവേശനത്തില്‍ യു.ജി.സി നെറ്റ് നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍വകലാശാലകള്‍ പിന്മാറണമെന്ന് എസ്.എഫ്.ഐ.

സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍വകലാശാലകള്‍ പിന്മാറണമെന്നാണ് എസ്.എഫ്.ഐ പറഞ്ഞത്. ഫേസ്ബുക്കിലൂടെയാണ് എസ്.എഫ്.ഐയുടെ പ്രതികരണം.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ റിസര്‍ച്ച് കൗണ്‍സില്‍ പോലും ചര്‍ച്ച ചെയ്യാതെ പ്രവേശന പരീക്ഷ നിര്‍ത്തലാക്കിയെന്ന് എസ്.എഫ്.ഐ ചൂണ്ടിക്കാട്ടി. യു.ജി.സി പരീക്ഷകളില്‍ വിജയിച്ചവര്‍ക്ക് മാത്രം നിയമനമെന്ന് സര്‍വകലാശാലകള്‍ ഉത്തരവിറക്കിയെന്നും എസ്.എഫ്.ഐ പറഞ്ഞു.

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായാണ് വിവരം. എന്നാല്‍ ഈ പരിഷ്‌കാരം ആത്മഹത്യപരവും ഗവേഷണ നിലവാരത്തെ തകര്‍ക്കുന്നതും അതിലുപരിയായി പാര്‍ശ്വവല്‍കൃത സമൂഹങ്ങളില്‍ നിന്നുള്ളവരെ ഗവേഷണ മേഖലയില്‍ നിന്ന് അകറ്റുന്നതാണെന്നും എസ്.എഫ്.ഐ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍വകലാശാലകള്‍ പോലും ഇത്തരത്തിലേക്ക് മാറുന്നതിന് മുമ്പേ തന്നെയുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഈ മാറ്റം ചാന്‍സലറെ പ്രീതിപ്പെടുത്താനുള്ള വൈസ് ചാന്‍സലറുടെ നീക്കത്തിന്റെ ഭാഗമാണെന്നാണ് എസ്.എഫ്.ഐ പറയുന്നത്.

ഗവേഷണ മേഖലയെയും സംവരണത്തെയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ആര്‍.എസ്.എസ് ഇത്തരം ഒരു പരിഷ്‌കാരം യു.ജി.സി വഴി കൊണ്ട് വന്നതെന്ന് അക്കാദമിക വിചക്ഷണര്‍ നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചതുമാണെന്നും എസ്.എഫ്.ഐ പറഞ്ഞു.

ആയതിനാല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അടിയന്തിരമായി ഇടപെട്ട് ഈ തീരുമാനം കൈക്കൊള്ളുന്നതില്‍ നിന്ന് സര്‍വകലാശാലകളെ പിന്തിരിപ്പിക്കണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു.

മുഴുവന്‍ വിഷയങ്ങളിലും പ്രവേശന പരീക്ഷ പുനസ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം ഇതിനെതിരെ വിദ്യാര്‍ത്ഥികളെ അണിനിരത്തി വലിയ പോരാട്ടങ്ങള്‍ക്ക് എസ്.എഫ്.ഐ നേതൃത്വം നല്‍കുമെന്നും എസ്.എഫ്.ഐ അറിയിച്ചു.

എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, സെക്രട്ടറി. പി.എം. ആര്‍ഷോ എന്നിവരാണ് പ്രസ്താവനയിലൂടെ പ്രതികരിച്ചത്.

Content Highlight: SFI against decision to make NET mandatory for Ph.D admissions