| Tuesday, 3rd July 2018, 1:03 pm

അഭിമന്യുവിനെ കൊന്നത് സ്വയം രക്ഷയ്‌ക്കെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മഹാരാജാസിലെ എസ്.എഫ്.ഐ നേതാവിനെ കൊലപ്പെടുത്തിയത്  സ്വയം രക്ഷയ്ക്ക് വേണ്ടിയാണെന്ന്  എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി. കുട്ടികളെ ആക്രമിക്കുമ്പോള്‍ രക്ഷിതാക്കളും പുറത്ത് നിന്നും ആളുകള്‍ വരുന്നത് സ്വാഭാവികമെന്നും മജീദ് ഫൈസി പറഞ്ഞു.

ക്വാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ അക്രമിക്കാന്‍ വന്നപ്പോള്‍ സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് അവര്‍ കത്തിയെടുത്തതെന്നും നൂറുകണക്കിന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്നെന്നും മജീദ് ഫൈസി മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണത്തില്‍ തെളിയുമെന്നും അദ്ദേഹം പറഞ്ഞു.

ക്വാമ്പസ് ഫ്രണ്ടിന് എസ്.ഡി.പി.ഐയുമായി ഒരു ബന്ധമില്ലെന്നും മജീദ് പറഞ്ഞു.

അതേസമയം എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ കൂടി പൊലീസ് പിടിയില്‍. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. കേസില്‍ നേരത്തെ മൂന്ന്‌പേര്‍ അറസ്റ്റിലായിരുന്നു. എസ്.ഡി.പിഐ പ്രവര്‍ത്തകരായ കോട്ടയം സ്വദേശി ബിലാല്‍ (19), പത്തനംതിട്ട സ്വദേശി ഫാറൂഖ് (19), ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് (37) എന്നിവരെയാണ് പൊലീസ് അദ്യം കസ്റ്റഡിയില്‍ എടുത്തത്.


Read Also : ഇതായിരുന്നു അഭിമന്യുവിന്റെ രാഷ്ട്രീയം; ജാര്‍ഖണ്ഡിലെ മുസ്‌ലിം ജനതയ്‌ക്കെതിരെയുള്ള അക്രമത്തില്‍ പ്രതിഷേധിച്ച് കൊണ്ടുള്ള പോസ്റ്റ് വൈറലാകുന്നു


മുഹമ്മദാണ് കേസില്‍ മുഖ്യ പ്രതി. എന്നാല്‍ ഇയാള്‍ ഒളിവിലാണ്. കസ്റ്റഡിയില്‍ എടുത്തവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അക്രമത്തില്‍ പങ്കാളികളായവരില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും പുറത്തുനിന്ന് എത്തിയവരാണ്. ഇവര്‍ എങ്ങനെ കാമ്പസില്‍ എത്തി എന്നതിനെ കുറിച്ചാണ് അന്വേഷിക്കുന്നത്. വിദ്യാര്‍ത്ഥിയായ പ്രതിയുടെ ആവശ്യപ്രകാരമാണ് മറ്റുള്ളവര്‍ കാമ്പസില്‍ എത്തിയതെന്നാണ് നിഗമനം.

കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയായ അഭിമന്യു (20) തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയാണ് അക്രമികള്‍ കൊല നടത്തിയത്. മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. 20 ഓളം വരുന്ന സംഘം കോളേജിലേക്ക് ആതിക്രമിച്ചുകയറാന്‍ നോക്കിയത് ചോദ്യംചെയ്തപ്പോഴായിരുന്നു അക്രമം. അഭിമന്യുവിനെ ഒരാള്‍ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു.

We use cookies to give you the best possible experience. Learn more