കാസര്‍ഗോഡ്: കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥിയെ കൊണ്ട് കാല് പിടിപ്പിച്ചെന്ന വിവാദത്തില്‍ പുതിയ വഴിത്തിരിവ്. അധ്യാപികയായ എം. രമക്കെതിരെ എസ്.എഫ്.ഐയും രംഗത്ത് വന്നു. വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനത്തിന് പ്രിന്‍സിപ്പാള്‍ തടസം സൃഷ്ടിച്ചെന്ന് ആരോപിച്ച എസ്.എഫ്.ഐ ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു.
വിദ്യാര്‍ത്ഥിയെ കൊണ്ട് കാല് പിടിപ്പിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്നും ഇത്തരം പ്രവണതകള്‍ പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആല്‍ബിന്‍ മാത്യു പറഞ്ഞു.
കോളേജില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാള്‍ എം. രമ വിദ്യാര്‍ത്ഥിയെ കൊണ്ട് കാല് പിടിപ്പിച്ചെന്നായിരുന്നു കഴിഞ്ഞ ബുധനാഴ്ച എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഫോട്ടോ സഹിതം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്. ഇക്കാര്യം ഉന്നയിച്ച് ഇക്കണോമിക്സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി മുഹമ്മദ് സമദ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ വിദ്യാര്‍ത്ഥി തന്നെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും അതില്‍ പരാതി നല്‍കാന്‍ തുനിഞ്ഞപ്പോള്‍ ഓഫീസിലെത്തി സ്വമേധയാ തന്റെ കാല് പിടിക്കുകയാണൈന്നാണ് അധ്യാപിക വിശദീകരിച്ചത്. മാസ്‌കിടാതെ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ കോളേജിന് മുന്‍വശം നില്‍ക്കുന്നത് കണ്ട് ചോദ്യം ചെയ്തപ്പോള്‍ ഒരു കുട്ടി തന്നെ അടിക്കാനായി വന്നു. തുടര്‍ന്ന് താന്‍ പൊലീസിനെ വിളിച്ചു. മാസ്‌കിടാത്ത വിദ്യാര്‍ത്ഥിയുടെ പക്കല്‍ നിന്നും ഫൈന്‍ മേടിച്ച പൊലീസ് ആക്രമിക്കാന്‍ ശ്രമിച്ചതില്‍ പരാതിയുണ്ടെങ്കില്‍ നല്‍കണമെന്നും പറഞ്ഞു.
അതിന് ശേഷം എം.എസ്.എഫ് നേതാക്കള്‍ വിദ്യാര്‍ത്ഥിക്കൊപ്പം തന്നെ കാണാന്‍ വന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥി തന്റെ കാല് പിടിക്കുകയായിരുന്നു. താന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും അധ്യാപിക പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം 18 ന് നടന്ന സംഭവത്തില്‍ പി.കെ നവാസ് വാര്‍ത്ത സമ്മേളനം വിളിച്ച് ചേര്‍ത്തതിന് ശേഷം കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥിക്കതെിരെ പരാതി നല്‍കി.
തുടര്‍ന്ന് വിദ്യാര്‍ത്ഥിക്കെതിരെ ബലാത്സംഗ ശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: SFI About Kasargod Government College Principal Issue