ഒരു രാത്രിയും രണ്ട് ദുര്‍ഗമാരും
Film Review
ഒരു രാത്രിയും രണ്ട് ദുര്‍ഗമാരും
സന്ദീപ്. പി
Wednesday, 28th March 2018, 11:37 pm

ഒരു ചലച്ചിത്രത്തിന്റെ പേര് കൊണ്ട് വളരെയധികം വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുക എന്നത് തന്നെ ചിത്രം നിര്‍മ്മിക്കപ്പെടുന്ന രാജ്യത്ത് കലക്കുള്ള സ്വാതന്ത്ര്യം എത്രത്തോളം ചങ്ങലകളില്‍ ബന്ധിതമാണ് എന്നത് വിളിച്ചോതുന്ന കാര്യമാണ്. സെന്‍സര്‍ ബോര്‍ഡിന്റെ കടുംപിടുത്തങ്ങളിലും കഴമ്പില്ലാത്ത ആരോപണങ്ങളിലും കുരുങ്ങി നിന്നിരുന്ന കലാസൃഷ്ടിയായിരുന്നു എസ് ദുര്‍ഗ. വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ നിരവധി പുരസ്‌കാരങ്ങളും നേട്ടങ്ങളും സ്വന്തമാക്കുകയും ഇന്ത്യന്‍ സിനിമയെ മുമ്പ് അധികം ആരും കൈവരിച്ചിട്ടില്ലാത്ത രീതിയില്‍ ലോകത്തിനു മുന്നിലേക്ക് തുറന്നിടുകയും ചെയ്ത ഈ സ്വതന്ത്ര സിനിമ ഒരുപാട് പ്രതിസന്ധികള്‍ക്കൊടുവില്‍ കേരളത്തിലെമ്പാടും ഉള്ള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിയിരിക്കുകയാണ്.

രാഷ്ട്രീയപരമായ, ത്രസിപ്പിക്കുന്ന, വന്യമായ തുടങ്ങിയ വിശേഷണങ്ങള്‍ ദുര്‍ഗക്കു ചേരുമെങ്കിലും അതിനെല്ലാം മുകളിലായി ചിത്രത്തിനെ കുറിച്ച് പറയാവുന്നത് റോ ആന്‍ഡ് റിയല്‍ എന്നാണ്. അത്രയധികം വ്യത്യസ്തമായാണ് മറ്റു ചിത്രങ്ങളില്‍ നിന്നും എസ് ദുര്‍ഗ നില കൊള്ളുന്നത്. ഇതിനുള്ള കാരണങ്ങള്‍ നിരവധിയാണ്. ഏകദേശം ഒന്നര മണിക്കൂറോളം ദൈര്‍ഘ്യമുള്ള ഒരു തത്സമയ സിനിമ എന്നു വേണമെങ്കില്‍ ചിത്രത്തെ വിശേഷിപ്പിക്കാം. തന്റെ മുന്‍ചിത്രമായ ഒഴിവു ദിവസത്തെ കളിയില്‍ അവലംബിച്ച അതേ കഥ പറച്ചില്‍ രീതി തന്നെയാണ് ദുര്‍ഗയിലും സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ പിന്‍തുടര്‍ന്നിരിക്കുന്നത്.

തികച്ചും റിയലിസ്റ്റിക് ആയ രീതിയില്‍ കഥ പറഞ്ഞു പോകുന്ന ദുര്‍ഗ അതേ സമയം മറ്റൊരു തലത്തില്‍ നോക്കുമ്പോള്‍ ഒരു റോഡ് ത്രില്ലര്‍ എന്ന രീതിയിലും അനുഭവപ്പെട്ടേക്കാം. എന്നാല്‍ ചിത്രം ഏതു രീതിയില്‍ കണ്ടാലും അതുണ്ടാക്കുന്ന അസ്വസ്ഥത സമമാണ്. പ്രേക്ഷകനെ അവരുടെ കംഫര്‍ട്ട് സോണുകളില്‍ നിന്നും താഴേക്കിറക്കി ദുര്‍ഗയോടും കബീറിനോടുമൊപ്പം ഓമ്നി വാനില്‍ അവരനുഭവിക്കുന്ന യാത്രയുടെ ഭാഗമാക്കുക എന്നതാണ് സംവിധായകന്‍ ചെയ്യുന്നത്. രാത്രിയുടെ മാറിലൂടെയുള്ള ഈ യാത്രയാണ് സിനിമയുടെ കാതല്‍.

 

കാളിയെ (ദുര്‍ഗാ ദേവി) പ്രസാദിപ്പിക്കുന്നതിനായി നടത്തുന്ന ഗരുഡന്‍ തൂക്കത്തിനുള്ള ആചാരനാഷ്ടാനങ്ങളുടെ കുറച്ചധികം ദൃശ്യങ്ങളോടെയാണ് ചിത്രം ആരംഭിക്കുന്നത്. ആദ്യ രംഗങ്ങള്‍ മുതല്‍ ചിത്രത്തിന്റെ റോ ആന്‍ഡ് റിയല്‍ എഫക്ട് പ്രേക്ഷകനു അനുഭവപ്പെടാന്‍ ആരംഭിക്കും. ഇവിടെ നിന്നും ക്യാമറ കടന്നു ചെല്ലുന്നത് കബീറിനോടൊപ്പം രാത്രി ഒളിച്ചോടുന്ന നോര്‍ത്ത് ഇന്ത്യക്കാരിയായ ദുര്‍ഗയിലേക്കാണ്. രാത്രിയിലെ അവരുടെ റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രയില്‍ ഇരുവര്‍ക്കും റോഡിലൂടെ വരുന്ന ഒരു അപരിചിത വാഹനത്തെ ആശ്രയിക്കേണ്ടി വരുന്നു. തുടര്‍ന്നുള്ള യാത്രയില്‍ വാഹനത്തിലുള്ള അപരിചിതരുടെ അടുത്തു നിന്നും നേരിടേണ്ടി വരുന്ന പെരുമാറ്റം ഇരുവരുടെയും നിലനില്പിനെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തുന്നതോടെ ചിത്രം ഒരു ത്രില്ലറിന്റെ കൂടി സ്വഭാവം കൈവരിച്ച് മുന്നോട്ടു പോകുന്നു.

ഈ യാത്രയുടെ ഇടയില്‍ തന്നെയാണ് ചിത്രത്തിന്റെ അവതരണത്തിനും ദുര്‍ഗ എന്ന കഥാപാത്രം അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കും ആഴം കൂട്ടിക്കൊണ്ട് മറ്റൊരിടത്ത് നടക്കുന്ന ദുര്‍ഘാപൂജയുടെ ദൃശ്യങ്ങളും കടന്നു വരുന്നത്. പ്രത്യക്ഷത്തില്‍ ഇരു സംഭവങ്ങളും തമ്മില്‍ ബന്ധങ്ങളില്ലെങ്കിലും ആന്തരികമായി ഇത് വിനിമയം ചെയ്യുന്നത് ദുര്‍ഗ എന്ന ദൈവികമായ സങ്കല്പത്തില്‍ നിന്നും അതേ പേരുള്ള ഒരു സ്ത്രീയിലേക്ക് എത്തുമ്പോള്‍ ചുറ്റുമുള്ള പുരുഷാധിപത്യ സമൂഹം എത്രത്തോളം അധപതിക്കുന്നു എന്നതാണ്.

മറ്റൊരു അവസരത്തില്‍ ദേവിയില്‍ നിന്നും സ്ത്രീയിലേക്ക് എത്തുമ്പോള്‍ അവളുടെ പ്രാഥമികാവശ്യങ്ങള്‍ പോലും ലൈംഗികതയുമായി ബന്ധപ്പെടുത്തി കാണുന്ന പുരുഷ മനോഭാവത്തെയാണ് ചിത്രത്തില്‍ കാണാനാവുക. ഇടക്ക് വാനില്‍ നിന്നും ഇറങ്ങി നടക്കുന്നതിനിടയില്‍ വഴിയില്‍ കണ്ടു മുട്ടുന്ന മറ്റു രണ്ടു പേരും കബീറിനെയും ദുര്‍ഗയെയും ചോദ്യം ചെയ്യുന്നുണ്ട്. ഇങ്ങനെ യാത്രയിലുടനീളം പല തരത്തിലുള്ള ഭീഷണികളെയാണ് സമൂഹത്തില്‍ നിന്നും അതു നിലനിര്‍ത്തുന്ന പുരുഷാധിപത്യത്തില്‍ നിന്നും ഇരുവര്‍ക്കും അഭിമുഖീകരിക്കേണ്ടി വരുന്നത്.

 

വളരെ ദുര്‍ഘടമായ യാത്രയില്‍ പല തവണ കബീറും ദുര്‍ഘയും അവരെ പേടിപ്പിക്കുന്ന ആ വാനില്‍ നിന്നും അപരിചിതരില്‍ നിന്നും പുറത്തു കടക്കുന്നുണ്ട്. എന്നാല്‍ ഓരോ തവണയും പൂര്‍വ്വാധികം ശക്തിയോടെ ആ ഭീഷണി വാനിന്റെ തന്നെ രൂപത്തില്‍ ഇരുവരെയും തേടി തിരിച്ചെത്തുന്നു. ചിത്രത്തില്‍ കബീര്‍, ദുര്‍ഗ എന്നീ കഥാപാത്രങ്ങളുടെ പേരുകള്‍ മാത്രമാണ് വെളിപ്പെടുത്തുന്നുള്ളു. മറ്റുള്ള കഥാപാത്രങ്ങളെല്ലാം തന്നെ പേരുകളില്ലാതെയാണ് നിലനില്‍ക്കുന്നത്. ദുര്‍ഗയുടെ ചെറിയൊരു ശില്പം വാഹനത്തിന്റെ മുന്‍വശത്തായി കാണാം. എന്നാല്‍ അതിനു മുകളിലായി തൂങ്ങിയാടുന്നത് ശരീരമില്ലാത്ത ഒരു പെണ്‍പാവയുടെ തലയാണ്.

നിങ്ങള്‍ (ദുര്‍ഗയുടെ) ഭക്തരാണോ എന്നുള്ള ചോദ്യം ഒരിക്കല്‍ വാഹനം ഓടിക്കുന്ന ആളോട് വഴിയില്‍ അവരെ പരിശോധനക്കായി നിര്‍ത്തിക്കുന്ന പോലീസുകാരന്‍ ചോദിക്കുന്നുണ്ട്. പക്ഷേ ആ വാഹനം അത് ഓടിക്കുന്നവരുടേത് അല്ല എന്ന സൂചനയും മറ്റൊരിടത്ത് സംവിധായകന്‍ നല്‍കുന്നുണ്ട്. വാഹനത്തിലുള്ളവര്‍ ആയുധങ്ങള്‍ കടത്തുകയാണ് എന്ന് ഒരു ഘട്ടത്തില്‍ വ്യക്തമാക്കുന്നതു വഴി അവരുടെ പശ്ചാത്തലത്തിലേക്കു വെളിച്ചം വീശുന്ന ഒരു രംഗം ചിത്രത്തില്‍ കാണാം. അപരിചിതത്ത്വത്തിനും ഒറ്റപ്പെടലിനും ഇടയിലുള്ള മാനസികാവസ്ഥ കബീറിന്റെയും ദുര്‍ഗയുടെയും വേഷങ്ങള്‍ കൈകാര്യം ചെയ്ത കണ്ണന്‍ നായര്‍, രാജശ്രീ ദേശ് പാണ്ഡെ എന്നിവരുടെ കൈകളില്‍ ഭദ്രമായിരുന്നു.

 

ചിത്രത്തില്‍ കൈകാര്യം ചെയ്യുന്ന വിഷയത്തെ ഇത്രയധികം പ്രേക്ഷകനെ കൊണ്ട് അനുഭവിപ്പിക്കുന്ന തരത്തിലുള്ള ഛായാഗ്രഹണം എടുത്തു പറയേണ്ട മറ്റൊരു കാര്യമാണ്. സ്വതന്ത്ര ചലച്ചിത്ര സംവിധായകനും ക്യാമറാമാനുമായ പ്രതാപ് ജോസഫ് ചിത്രത്തിനു വേണ്ടി ചെയ്ത കഠിനാധ്വാനം തീര്‍ച്ചയായും പ്രശംസ അര്‍ഹിക്കുന്നു. മെക്സിക്കന്‍ സംവിധായകനായ അല്‍ഫോണ്‍സോ കുവാരോണ്‍ 2006 ല്‍ സംവിധാനം ചെയ്ത ചില്‍ഡ്രന്‍ ഓഫ് മെന്‍ എന്ന സയന്‍സ് ഫിക്ഷന്‍ ചലച്ചിത്രത്തിനു വേണ്ടി ഇമ്മാനുവല്‍ ലുബേസ്‌കി ചെയ്ത വിഖ്യാതമായ ഛായഗ്രഹണ രീതിയെ, പ്രധാനമായും ആ ചിത്രത്തിലെ കാറിനുള്ളില്‍ വെച്ചു ചിത്രീകരിച്ച പ്രശസ്തമായ നീളന്‍ ഷോട്ടിനെ പല രീതിയിലും അനുസ്മരിപ്പിക്കുന്നുണ്ട് ചില സമയങ്ങളില്‍ ദുര്‍ഗയുടെ ക്യാമറ.

പ്രകാശ സംവിധാനങ്ങളോ ക്യാമറയുടെ അനുബന്ധ ഉപകരണങ്ങളോ കൂടുതലായി ഉപയോഗിക്കാതെ നടത്തിയ ഛായാഗ്രണം മിക്ക സമയങ്ങളിലും ചിത്രത്തിന്റെ മൂഡും ടോണും കൃത്യമായി വരച്ചിടുന്നതില്‍ വിജയിച്ചിരിക്കുന്നു. പ്രശസ്തമായ റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ ഹിവോസ് ടൈഗര്‍ അവാര്‍ഡ്, അര്‍മേനിയയിലെ യെരേവന്‍ ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ ഏപ്രിക്കോര്‍ട്ട് അവാര്‍ഡ്, തുടങ്ങി നിരവധി അന്താരാഷ്ട്ര ബഹുമതികള്‍ ചിത്രത്തിനു ലഭിച്ചിട്ടുണ്ട്.