യൂറോപ്പിൽ ലൈംഗിക രോഗങ്ങൾ അപകടകരമാംവിധം വർധിക്കുന്നു; യൂറോപ്യൻ യൂണിയൻ ഏജൻസിയുടെ റിപ്പോർട്ട്
World News
യൂറോപ്പിൽ ലൈംഗിക രോഗങ്ങൾ അപകടകരമാംവിധം വർധിക്കുന്നു; യൂറോപ്യൻ യൂണിയൻ ഏജൻസിയുടെ റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th March 2024, 2:50 pm

ലണ്ടൻ: യൂറോപ്പിൽ അപകടകരമാംവിധം ലൈംഗിക രോഗങ്ങൾ വ്യാപിക്കുന്നതായി യൂറോപ്യൻ യൂണിയൻ ഏജൻസിയുടെ മുന്നറിയിപ്പ്.

യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കണ്ട്രോൾ (ഇ.സി.ഡി.സി) കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർഷിക എപിഡെമിയോളജിക്കൽ റിപ്പോർട്ടിലാണ് കണ്ടെത്തലുകൾ.

റിപ്പോർട്ടിലെ കണ്ടെത്തലുകൾ പ്രകാരം 2021നെ അപേക്ഷിച്ച് 2022ൽ സിഫിലിസ്, ഗൊണോറിയ, ക്ലമീഡിയ തുടങ്ങിയ ബാക്ടീരിയൽ രോഗങ്ങൾ ആശങ്കാജനകമായ രീതിയിൽ വർധിച്ചു. ഗൊണോറിയ 48 ശതമാനവും സിഫിലിസ് 34 ശതമാനവും ക്ലമീഡിയ 16 ശതമാനവും വർധിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം എച്ച്.ഐ.വിയും ഹെപറ്റൈറ്റിസും പോലുള്ള വൈറസ് പടർത്തുന്ന ലൈംഗിക രോഗങ്ങളെ കുറിച്ച് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നില്ല.

അതേസമയം കണക്കുകൾ ഇതിലും കൂടുതൽ അറിയിക്കുമെന്ന് പരിശോധനകളിലെയും ലൈംഗിക ആരോഗ്യവുമായി ബന്ധപ്പെട്ട സേവനങ്ങളിലെയും രാജ്യത്തുടനീളം കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിലുമുള്ള കുറവുകൾ ചൂണ്ടിക്കാട്ടി ഇ.സി.ഡി.സി ഡയറക്ടർ ആൻഡ്രിയ ആമോൺ പറഞ്ഞു.

വർഷങ്ങളായി യൂറോപ്പിൽ ലൈംഗികമായി പടരുന്ന രോഗങ്ങൾ കുതിച്ചുയരുകയാണ്. സാമൂഹ്യ അകലം ഉൾപ്പെടെ സർക്കാരുകൾ കർശനമാക്കിയ കൊവിഡ് സമയമായ 2020-21 വർഷത്തിൽ കേസുകൾ കുറഞ്ഞിരുന്നു.

അപകട സാധ്യതയുള്ള ലൈംഗിക പെരുമാറ്റത്തിലെയും വീടുകളിലെ പരിശോധനയിലെയും വർധനവാണ് കാരണങ്ങളായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

കൊവിഡിന് ശേഷം ലൈംഗിക പെരുമാറ്റത്തിൽ സംഭവിച്ച വ്യതിയാനമാണ് യുവജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ ഇൻഫെക്ഷൻ വർധിക്കാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Content Highlight: Sexually transmitted infections on rise in EU – report