സിഡ്‌നി: ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ താന്‍ ലൈംഗിക അതിക്രമത്തിന് ഇരയായ ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഓസ്‌ട്രേലിയന്‍ സെനറ്റര്‍ ലിഡിയ തോര്‍പെ. പാര്‍ലമെന്റില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും അവര്‍ പറഞ്ഞു.
സെനറ്റിനെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലായിരുന്നു ലിഡിയയുടെ തുറന്ന് പറച്ചില്‍. പാര്‍ലമെന്റ് സെനറ്റ് അംഗം തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നും മോശമായി സ്പര്‍ശിച്ചെന്നും ലിഡിയ ആരോപിച്ചു.
ലിബറല്‍ പാര്‍ട്ടി നേതാവ് ഡേവിഡ് വാനിനെതിരെയാണ് ലിഡിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ അദ്ദേഹം ഇത് തള്ളി. ആരോപണത്തെ തുടര്‍ന്ന് ലിബറല്‍ പാര്‍ട്ടി വ്യാഴാഴ്ച അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു.
നേരത്തെയും വാനിനെതിരെ ലിഡിയ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ ലിഡിയ വീണ്ടും ആരോപണം ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് ലിബറല്‍ പാര്‍ട്ടിയുടെ നടപടി.
ലൈംഗിക അതിക്രമം എന്നത് ഓരോ വ്യക്തിയെ സംബന്ധിച്ചും വ്യത്യസ്തമായിക്കുമെന്നും ലൈംഗിക ചുവയോടെ സംസാരിക്കുകയും മോശമായി സ്പര്‍ശിക്കുകയും ചെയ്തതാണ് താന്‍ അനുഭവിച്ചതെന്നും അവര്‍ പറഞ്ഞു.
സമാനമായ അനുഭവങ്ങള്‍ മറ്റു ചിലര്‍ക്കും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അവരാരും മുന്നോട്ട് വരാത്തതാണെന്നും ലിഡിയ പറഞ്ഞു. ഓഫീസില്‍ നിന്നും പുറത്തിറങ്ങാന്‍ പലപ്പോഴും ഭയമാണെന്നും ലിഡിയ കൂട്ടിച്ചേര്‍ത്തു.
2019ല്‍ കേന്ദ്ര മന്ത്രിയുടെ പാര്‍ലമെന്റ് ഓഫീസില്‍ വെച്ച് കണ്‍സര്‍വേറ്റീവ് ഉദ്യോഗസ്ഥര്‍ തന്നെ പീഡിപ്പിച്ചെന്ന് രാഷ്ട്രീയ പ്രവര്‍ത്തക ബ്രിട്ടണി ഹിഗ്ഗിന്‍സും പറഞ്ഞിരുന്നു. 2021 ല്‍ സര്‍ക്കാര്‍ പിന്തുണയോടെ നടന്ന അന്വേഷണത്തില്‍ ജീവനക്കാര്‍ നേരിടുന്ന ലൈംഗികാതിക്രമത്തെ കുറിച്ച് പറയുന്നുണ്ട്. പാര്‍ലമെന്റില്‍ ജോലി ചെയ്തിരുന്ന മൂന്നില്‍ ഒരാള്‍ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്നതായി കണ്ടെത്തി.
Content Highlight: Sexually assaulted by powerful men in parliament: Australian senator