| Saturday, 17th August 2024, 9:13 am

സിന്ധു സൂര്യകുമാറിനെതിരായ ലൈംഗിക പരാമര്‍ശം; മേജര്‍ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിങ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെതിരെ ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയ മുന്‍ ബി.ജെ.പി നേതാവും സംവിധായകനുമായ മേജര്‍ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മേജര്‍ രവി നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ര്‌ടേറ്റ് കോടതിയില്‍ വിചാരണ നേരിടാന്‍ ഹൈക്കോടതി ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ ഉത്തരവിട്ടത്.

2016 മാര്‍ച്ച് 12നാണ് എറണാകുളത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ സിന്ധുസൂര്യകുമാറിനെതിരെ മേജര്‍ രവി ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയത്. ഈ സംഭവമാണ് കേസിനിടയാക്കിയത്.

മുന്‍ സൈനിക ഉദ്യോഗസ്ഥനെന്ന നിലയിലും ഒരു സെലിബ്രിറ്റി എന്ന നിലയിലും മേജര്‍ രവിയുടെ പ്രസംഗവും വാക്കുകളും പൊതുജനങ്ങള്‍ മുഖവിലക്കെടുക്കുമെന്നതിനാണ് ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. നിരപരാധിയാണെങ്കില്‍ വിചാരണയിലൂടെയാണ് അദ്ദേഹം അത് തെളിയിക്കേണ്ടതെന്നും വിചാരണയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നും കോടതി പറഞ്ഞു.

എന്നാല്‍ പ്രസംഗത്തിന്റെ പേരില്‍ മേജര്‍ രവിക്കെതിരെ അപകീര്‍ത്തി കേസെടുത്ത മജിസ്‌ട്രേറ്റ് കോടതി നടപടി ഹൈക്കോടതി റദ്ദാക്കി. നിയമപരമായ വിലക്ക് മറികടന്നുകൊണ്ടാണ് അപകീര്‍ത്തി കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് അപകീര്‍ത്തി കേസ് റദ്ദാക്കിയത്.

അതേസമയം കഴിഞ്ഞ ദിവസം മേജര്‍ രവിക്കെതിരെ മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസും ഇന്നലെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സെക്യുരിറ്റി കരാര്‍ ഉറപ്പുനല്‍കി പണം തട്ടിയെന്ന പേരിലാണ് മേജര്‍ രവിയടക്കം 3 പേര്‍ക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തത്.

ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 12.48 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇരിങ്ങാലക്കുട ഫസ്റ്റ്ക്ലാസ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് വഞ്ചനാക്കുറ്റത്തിന് ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്.

മേജര്‍ രവി ഉള്‍പ്പടെയുള്ള പ്രതികളുടെ ഉടമസ്ഥതതയുള്ള സ്ഥാപനം പരാതി നല്‍കിയ ധനകാര്യ സ്ഥാപനത്തിന് സെക്യൂരിറ്റി അടക്കമുള്ള സംവിധാനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞാണ് പണം തട്ടിയത്. 2022ലാണ്‌ പ്രതികള്‍ പണം കൈപറ്റിയത്. എന്നാല്‍ പിന്നീട് ധാരണ പ്രകാരമുള്ള സേവനം നല്‍കിയില്ലെന്നും പണം തിരികെ നല്‍കിയില്ലെന്നുമാണ് പരാതിയിലുള്ളത്.

content highlights: Sexual reference to Sindhu Suryakumar; High Court wants Major Ravi to face trial

We use cookies to give you the best possible experience. Learn more