| Wednesday, 17th August 2022, 10:56 am

പരാതിക്കാരിയുടെ വസ്ത്രധാരണം ലൈംഗികമായി പ്രകോപിപ്പിക്കുന്നത്; സിവിക് ചന്ദ്രന് ജാമ്യം ലഭിച്ച വിധിയില്‍ വിചിത്ര പരാമര്‍ശവുമായി കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലൈംഗികാകര്‍ഷണമുണ്ടാക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചതിനാല്‍ സെക്ഷ്വല്‍ ഹരാസ്‌മെന്റിനുള്ള ഐ.പി.സി 354 എ വകുപ്പ് നിലനില്‍ക്കില്ലെന്ന് കോഴിക്കോട് സെഷന്‍സ് കോടതി. എഴുത്തുകാരന്‍ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച വിധിയിലായിരുന്നു കോടതിയുടെ വ്യാഖ്യാനം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജ‍ഡ്ജി എസ്.കൃഷ്ണകുമാറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.

‘പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോഗ്രാഫുകളില്‍ നിന്നും പരാതിക്കാരി ലൈംഗിക ചോതന ഉണര്‍ത്തുന്ന(sexually provocative) വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് എന്നത് വെളിവാകുന്നു.

അതുകൊണ്ട് തന്നെ പ്രതിക്കെതിരെ 354 A വകുപ്പ് പ്രഥമ ദൃഷ്ട്യ നില നില്‍ക്കില്ല,’ എന്നാണ് കോടതി വിധിയിലുള്ളത്. സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള കോഴിക്കോട് സെഷന്‍സ് കോടതിയുടെ 12-8-2022ലെ ഉത്തരവിലാണ് ഈ വിചിത്ര വാദം.

അതേസമയം, കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിലും സിവിക് ചന്ദ്രന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. യുവ എഴുത്തുകാരിയായിരുന്നു പരാതിക്കാരി.

2020 ഫെബ്രുവരിയില്‍ നടന്ന സംഭവത്തിന്മേലാണ് യുവതി പരാതി നല്‍കിയിരുന്നത്. 2020 ഫെബ്രുവരി എട്ടിന് നന്തി കടപ്പുറത്തെ ആളൊഴിഞ്ഞ സ്ഥലത്ത് ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു പരാതി. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് യുവ എഴുത്തുകാരിയുടെ പരാതിയില്‍ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തത്. വടകര ഡി.വൈ.എസ്.പിക്കായിരുന്നു കേസിന്റെ അന്വേഷണ ചുമതല.

അധ്യാപികയും എഴുത്തുകാരിയുമായ ദളിത് യുവതിയുടെ പീഡന പരാതിയില്‍ സിവിക് ചന്ദ്രന് ഇതേ കോടതി നേരത്തെയും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ ഉപാധികളില്ലാതെയാണ് സിവികിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അധ്യാപികയായ ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് സിവിക്ക് ചന്ദ്രന് നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.

ദളിതര്‍ക്ക് വേണ്ടി പൊതുസമൂഹത്തില്‍ സംസാരിക്കുന്ന ആളുടെ ഉള്ളിലിരിപ്പ് മറ്റൊന്നാണെന്നും ലൈംഗിക വൈകൃത സ്വഭാവമുള്ള സിവികിന് ജാമ്യം നല്‍കരുതെന്നുമായിരുന്നു ഈ കേസില്‍ പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, പരാതിക്കാരിക്ക് മതിയായ തെളിവുകള്‍ ഹാജരാക്കാനായില്ലെന്നും പട്ടികജാതി പീഡന നിരോധന നിയമം അടക്കം നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചതായി പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

CONTENT HIGHGLIGHTS: sexual harassment does not exist for wearing sexually suggestive clothing;  court made a strange argument in the judgment that Civic Chandran was granted bail

We use cookies to give you the best possible experience. Learn more