കോഴിക്കോട്: ലൈംഗികാകര്‍ഷണമുണ്ടാക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചതിനാല്‍ സെക്ഷ്വല്‍ ഹരാസ്‌മെന്റിനുള്ള ഐ.പി.സി 354 എ വകുപ്പ് നിലനില്‍ക്കില്ലെന്ന് കോഴിക്കോട് സെഷന്‍സ് കോടതി. എഴുത്തുകാരന്‍ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച വിധിയിലായിരുന്നു കോടതിയുടെ വ്യാഖ്യാനം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.
‘പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോഗ്രാഫുകളില്‍ നിന്നും പരാതിക്കാരി ലൈംഗിക ചോതന ഉണര്‍ത്തുന്ന(sexually provocative) വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് എന്നത് വെളിവാകുന്നു.
അതുകൊണ്ട് തന്നെ പ്രതിക്കെതിരെ 354 A വകുപ്പ് പ്രഥമ ദൃഷ്ട്യ നില നില്‍ക്കില്ല,’ എന്നാണ് കോടതി വിധിയിലുള്ളത്. സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള കോഴിക്കോട് സെഷന്‍സ് കോടതിയുടെ 12-8-2022ലെ ഉത്തരവിലാണ് ഈ വിചിത്ര വാദം.
അതേസമയം, കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിലും സിവിക് ചന്ദ്രന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. യുവ എഴുത്തുകാരിയായിരുന്നു പരാതിക്കാരി.
2020 ഫെബ്രുവരിയില്‍ നടന്ന സംഭവത്തിന്മേലാണ് യുവതി പരാതി നല്‍കിയിരുന്നത്. 2020 ഫെബ്രുവരി എട്ടിന് നന്തി കടപ്പുറത്തെ ആളൊഴിഞ്ഞ സ്ഥലത്ത് ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു പരാതി. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് യുവ എഴുത്തുകാരിയുടെ പരാതിയില്‍ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തത്. വടകര ഡി.വൈ.എസ്.പിക്കായിരുന്നു കേസിന്റെ അന്വേഷണ ചുമതല.