Advertisement
Kerala News
ലൈംഗിക പീഡന പരാതി; ഇടവേള ബാബു അറസ്റ്റിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Sep 25, 08:07 am
Wednesday, 25th September 2024, 1:37 pm

കൊച്ചി: ലൈംഗിക പീഡന പരാതിയിൽ നടൻ ഇടവേള ബാബു അറസ്റ്റിൽ. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രത്യേക അന്വേഷണസംഘം ഇടവേള ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ ഇടവേള ബാബുവിന് മുൻകൂർ ജാമ്യം ലഭിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കും.

എം.എൽ.എയും നടനുമായ എം. മുകേഷിനെതിരെ സ്വീകരിച്ചതിന് സമാനമായ നടപടികളായിരിക്കും പ്രത്യേക അന്വേഷണസംഘം ഇടവേള ബാബുവിനെതിരെയും കൈക്കൊള്ളുക. ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഇടവേള ബാബുവിനെ ജാമ്യത്തിൽ വിട്ടയക്കും.

താരസംഘടനയായ അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്തു ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നും, ജൂനിയർ ആർട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നതുമാണ് ഇടവേള ബാബുവിന് മേലുള്ള പരാതികൾ. അഡീഷണൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ ഇടവേള ബാബുവിന് ജാമ്യം അനുവദിച്ചത്.

അതേസമയം കഴിഞ്ഞദിവസം ബലാത്സംഗ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ നടൻ സിദ്ദിഖ് ഇപ്പോഴും ഒളിവിലാണ്. സിദ്ദിഖിന്റെ മുൻകൂർ ജാമ്യ അപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി ജാമ്യാപേഷ നിഷേധിച്ചതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സുപ്രീം കോടതിയുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്.

 

Content Highlight: sexual harassment complaint; Idavela Babu is arrested