| Friday, 3rd May 2024, 2:46 pm

ലൈംഗികാതിക്രമ കേസ്; രാജ് ഭവനിൽ പൊലീസിനെ വിലക്കി ബംഗാൾ ഗവർണർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊൽക്കത്ത: തനിക്കെതിരായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം നടക്കാനിരിക്കെ രാജ്ഭവനിൽ പൊലീസ് കയറുന്നത് നിരോധിച്ച് പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ്. കഴിഞ്ഞ ഏപ്രിൽ 24 നാണ് രാജ്ഭവനിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്ന സ്ത്രീ ഗവർണർ തന്നോട് മോശമായി പെരുമാറി എന്ന് പരാതിപെട്ടത്.

പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കാനിരിക്കെയാണ് ഗവർണർ രാജ്ഭവനിൽ പൊലീസ് കയറുന്നത് നിരോധിച്ചത്. എന്നാൽ ഗവർണ്ണർക്കെതിരെ ഇതുവരെയും പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയിട്ടില്ല. ഭരണഘടനയിലെ ആർട്ടിക്കിൾ (361 )2 ഗവർണർമാർക്ക് ക്രിമിനൽ നടപടികളെടുക്കാൻ പോലീസിന് അധികാരം ഇല്ല.

കഴിഞ്ഞ 19ന് ഗവർണർ തന്നോട് സി.വി യുമായി അദ്ദേഹത്തെ കാണാൻ ചെല്ലണം എന്ന് പറയുകയും ഏകദേശം പന്ത്രണ്ട് മണിയോടെ ഗവർണർ തന്നെ ഓഫീസിലേക്ക് വിളിപ്പിക്കുകയും കുറച്ചു നേരം സംസാരിക്കുകയും പിന്നെ മോശമായി സ്പർശിക്കുകയും ചെയ്തു എന്നാണ് യുവതിയുടെ പരാതി.
അവിടെ നിന്നും താൻ വളരെ കഷ്ടപ്പെട്ടാണ് പുറത്തെത്തിയതെന്നും യുവതി പറയുന്നുണ്ട്.

‘എന്റെ സൂപ്പർവൈസറോടൊപ്പമാണ് ഞാൻ ഗവർണറുടെ അടുത്തേക്ക് പോയത് എന്നാൽ സൂപ്പർവൈസറെ അദ്ദേഹം തിരിച്ചയച്ചു . ഗവർണർ എന്നോട് എന്റെ പ്രമോഷന്റെ കാര്യങ്ങൾ സംസാരിച്ചു. ശേഷം രാത്രി വരാനും ആരോടും പറയരുതെന്നും ആവശ്യപ്പെട്ടു. സമ്മതിക്കാതെ വന്നപ്പോൾ കടന്നുപിടിക്കുകയായിരുന്നു’, യുവതി കൂട്ടിച്ചേർത്തു.

‘മെയ് രണ്ടിന് വൈകുന്നേരം അഞ്ച് മണിക്ക് തങ്ങൾക്ക് രാജ്ഭവന്റെ ഔട്പോസ്റ്റിൽ നിന്ന് ഒരു പരാതി ലഭിക്കുകയും പൊലീസ് അത് ഹരേ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് അയക്കുകയും പരാതി രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു’, ബംഗാൾ ഡെപ്യൂട്ടി കമ്മീഷണർ ഇന്ദിര മുഖർജി പറഞ്ഞു.

അതേസമയം തനിക്കെതിരായ ലൈംഗീകപീഡന പരാതി തെരഞ്ഞുടുപ്പിനു മുന്നോടിയായി കെട്ടിച്ചമച്ചതാണെന്ന് ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘സത്യം ജയിക്കും, എന്നെ അപകീർത്തിപ്പെടുത്തി ആർക്കെങ്കിലും തെരഞ്ഞെടുപ്പിന് നേട്ടം കൊയ്യണമെന്നുണ്ടെങ്കിൽ അവരെ ദൈവം രക്ഷിക്കട്ടെ പക്ഷെ ബംഗാളിലെ അഴിമതിക്കും അക്രമങ്ങൾക്കുമെതിരായ പോരാട്ടം ഞാൻ തുടർന്നുകൊണ്ടേയിരിക്കും’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഭവനിൽ താമസിക്കാൻ വരുന്നതിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവെയാണ് ഈ സംഭവങ്ങൾ അരങ്ങേറുന്നത്.

പ്രധാനമന്ത്രി സംസ്ഥാനത്തേക്ക് വരുന്നതിനു മുൻപ് എന്തൊക്കെയാണ് രാജ്ഭവനിൽ നടക്കുന്നതെന്ന് പശ്ചിമ ബംഗാൾ ആരോഗ്യ ക്ഷേമ വകുപ്പ് മന്ത്രി ചോദിച്ചു.
നിരവധി രാഷ്ട്രീയ നേതാക്കൾ അതിജീവിതക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

Content Highlight: sexual harassment complaint against west Bengal governor

We use cookies to give you the best possible experience. Learn more