| Wednesday, 21st January 2015, 10:07 am

പരിശോധനക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എയിംസിലെ ഡോക്ടര്‍ക്കെതിരെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: പാറ്റ്‌നയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍ക്കെതിരെ ലൈംഗിക പീഡന ആരോപണം. പരിശോധനയ്‌ക്കെത്തിയ പെണ്‍കുട്ടിയാണ് എയിംസിലെ ഡോക്ടര്‍മാരിലൊരാള്‍ക്കെതിരെ ആരോപണം  ഉന്നയിച്ചത്. പരിശോധനയിക്കിടെ ഡോക്ടര്‍ തന്നോട് അപമര്യാദയായി പെരുമാറി എന്ന് കൗമാരക്കാരിയായ പെണ്‍കുട്ടി സ്ഥാപനം അധികൃതര്‍ക്ക് പരാതി നല്‍കി. കേസ് ഇതുവരെ പോലീസിന് കൈമാറിയിട്ടില്ല. സ്ഥാപനത്തിലെ ലൈംഗികാതിക്രമ വിരുദ്ധ കമ്മിറ്റിയാണ് ഇപ്പോള്‍ പ്രശ്‌നം കൈകാര്യം ചെയ്യുന്നത്.

ഡിസംബര്‍ 20 ന് എയിംസിലെ ഒ.പി വിഭാഗത്തില്‍ വച്ചാണ് സംഭവം നടന്നത്. രക്തസ്രാവത്തെ തുടര്‍ന്ന് ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി. ശാരീരിക പരിശോധനയ്ക്കിടെ ഡോക്ടര്‍ അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു. താന്‍ അസ്വസ്ഥത കാണിച്ചപ്പോള്‍ ഡോക്ടര്‍ തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചുവെന്നും പെണ്‍കുട്ടി പറഞ്ഞു. ശാരീരിക പരിശോധനയ്ക്കിടെ പരിശോധന മുറിയില്‍ ഈ ഡോക്ടര്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും പെണ്‍കുട്ടി ആരോപിച്ചു.

മെഡിക്കല്‍ എത്തിക്‌സ് പ്രകാരം സ്ത്രീകളായ രോഗികളെ പരിശോധിക്കുമ്പോള്‍ പുരുഷ ഡോക്ടര്‍ക്കൊപ്പം ഒരു വനിതാ ഡോക്ടറും വേണമെന്നാണ് ചട്ടം.

അതേസമയം സംഭവത്തെ കാര്യമായെടുക്കാതെയാണ് എയിംസ് ഡയറക്ടര്‍ ഡോ. ജി.കെ.സിങ് പ്രതികരിച്ചത്. താന്‍ സംഭവത്തെ കുറിച്ചറിഞ്ഞിട്ടില്ല എന്നും നിങ്ങളില്‍ നിന്നാണ് ആദ്യമായി വിവരം ആറിയുന്നതെന്നും സിങ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

We use cookies to give you the best possible experience. Learn more