[] ഗ്വാളിയാര്‍: മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി വനിതാ ജഡ്ജിയെ ലൈംഗികപീഡനത്തിനിരയാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം പക്ഷപാതപരമെന്ന് ആക്ഷേപം. പുതിയ ജുഡീഷ്യല്‍ സമിതിയെ കൊണ്ട് പരാതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വനിത ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു.
മധ്യപ്രദേശിനു പുറത്തുനിന്നുള്ള രണ്ട് ചീഫ് ജസ്റ്റിസുമാരും ഒരു ഹൈക്കോടതി ജഡ്ജിയും ഉള്‍പ്പെട്ട സമിതി പരാതി അന്വേഷിക്കണമെന്നാണ് വനിതാ ജഡ്ജിന്റെ ആവശ്യം. അഡിഷണല്‍ ജില്ലാ ജഡ്ജ് സ്ഥാനത്ത് തന്നെ വീണ്ടും നിയമിക്കണമെന്നും വനിതാ ജഡ്ജ് സുപ്രീംകോടതിയില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന ജഡ്ജിന്റെ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് വനിതാ ജഡ്ജി രാജിവച്ചിരുന്നു.
ഒറ്റയ്ക്ക് തന്റെ ബംഗ്ലാവ് സന്ദര്‍ശിക്കണമെന്നും നൃത്തം ചെയ്യണമെന്നുമായിരുന്നു ഹൈക്കോടതി ജഡ്ജിയുടെ നിര്‍ദ്ദേശം. ഇതിന് തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് വനിതാ ജഡ്ജിയെ ഗ്വാളിയറില്‍ നിന്ന് സിദ്ദിയിലേക്ക് സ്ഥലം മാറ്റിയതായും പരാതിയില്‍ പറയുന്നു. ജുഡീഷ്യല്‍ പ്രൊഫഷനില്‍ നിന്നു തന്നെ പുറത്താക്കുമെന്ന ഭീഷണിയുണ്ടായപ്പോഴാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്നും വനിതാ ജഡ്ജി പറയുന്നുണ്ട്.
ലൈംഗിക അതിക്രമങ്ങള്‍ക്കെതിരായ വിശാഖ കമ്മിറ്റിയുടെ അധ്യക്ഷപദവി വഹിക്കുകയായിരുന്ന വനിതാ ജഡ്ജി 2011ലാണ് ഗ്വാളിയറില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിക്കപ്പെട്ടത്.