| Tuesday, 9th October 2018, 8:27 am

അയാള്‍ എന്നെ വന്ന് കെട്ടിപ്പിടിച്ച് ചുംബിച്ചു, എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഓടി രക്ഷപ്പെട്ടു: വൈരമുത്തുവിനെതിരേ ലൈംഗികാരോപണവുമായി യുവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ലൈംഗികാരോപണവുമായി യുവതി. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവതിയാണ് വൈരമുത്തുവിനെതിരേ ആരോപണമുന്നയിച്ചിരിക്കുന്നത്.

മാധ്യമ പ്രവര്‍ത്തക സന്ധ്യ മേനോനാണ് പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത യുവതി പീഡനാരോപണം ഉന്നയിച്ച് തനിക്ക് സന്ദേശം അയച്ചതായി വെളിപ്പെടുത്തിയത്. സന്ധ്യ മേനോന്‍ ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സംവിധായകന്‍ സി.എസ് അമുദന്‍, ഗായിക ചിന്‍മയി എന്നിവര്‍ ഇതിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.

ഗാനത്തിലെ വരികള്‍ വിശദീകരിക്കാനെന്ന പേരില്‍ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി വൈരമുത്തു കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നാണ് യുവതി പറയുന്നത്.

“ദേശീയ പുരസ്‌ക്കാര ജേതാവും മഹാ പ്രതിഭയുമായ വൈരമുത്തുവിനോട് തനിക്കു വലിയ ബഹുമാനമായിരുന്നു. 18 വയസുള്ളപ്പോള്‍ തനിക്ക് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. വരികള്‍ വിശദീകരിക്കാനായി അദ്ദേഹത്തിന്റെ കോടമ്പാക്കത്തുള്ള വീട്ടിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു.

അയാള്‍ എന്നെ വന്ന് കെട്ടിപ്പിടിച്ച് ചുംബിച്ചു. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ വീടും ഓഫീസും ഒന്നാണ്. കോടമ്പാക്കത്താണ് സ്ഥിതി ചെയ്യുന്നത്. എന്റെ ഓര്‍മ ശരിയാണെങ്കില്‍ ആളുകളോട് അവിടെ വന്ന് കാണാനാണ് അദ്ദേഹം ആവശ്യപ്പെടാറുള്ളത്.


വൈരമുത്തു ഒരു വേട്ടക്കാരനാണെന്നും സിനിമാ ഇന്‍ഡട്രിയിലെ പരസ്യമായ ഒരു രഹസ്യമാണിതെന്നും യുവതി ആരോപിക്കുന്നു. അദ്ദേഹത്തിനുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ ശക്തമായതിനാല്‍ ആരും പരാതിപ്പെടാന്‍ മുതിരില്ലെന്നും യുവതി വ്യക്തമാക്കുന്നു.

We use cookies to give you the best possible experience. Learn more