| Tuesday, 3rd July 2018, 9:07 pm

കോണ്‍ഗ്രസ് ഐ.ടി സെല്‍ അംഗം പീഡിപ്പിച്ചതായി യുവതിയുടെ പരാതി; ദിവ്യ സ്പന്ദനക്കെതിരേയും ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഐ.ടി സെല്‍ അംഗം പീഡിപ്പിച്ചതായി യുവതിയുടെ പരാതി. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗത്തിലെ അംഗവും കോണ്‍ഗ്രസ് നേതാവുമായ ചിരാട് പട്‌നായിക്കിനെതിരെയാണ് ഐ.ടി സെല്‍ മുന്‍ അംഗമായ യുവതി ലൈംഗിക ആരോപണം ഉന്നയിച്ച് പൊലീസില്‍ പരാതി നല്‍കിയത്.

പരാതിയില്‍ ദല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐ.ടി സെല്ലില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ചിരാട് പട്‌നായിക് തന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെട്ടിരുന്നതായും മോശമായി പെരുമാറിയിരുന്നതായും പരാതിയില്‍ പറയുന്നു.


Also Read:  മഞ്ജുവാര്യര്‍ രാജിവെച്ചെന്ന വാര്‍ത്ത തെറ്റെന്ന് ഡബ്ല്യു.സി.സി


ജോലിസ്ഥലത്തു വെച്ച് ലൈംഗിക താല്‍പര്യത്തോടെ ശരീരത്തില്‍ സ്പര്‍ശിക്കുക്കയും, ഇത്തരം പെരുമാറ്റത്തില്‍ തനിക്കുള്ള അതൃപ്തി പലതവണ പ്രകടിപ്പിച്ചിട്ടും ഇയാള്‍ ശല്യം തുടര്‍ന്നുവെന്നും യുവതി പരാതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

താന്‍ അനുഭവിച്ച പ്രശ്‌നം സോഷ്യല്‍ മീഡിയ അധ്യക്ഷ ദിവ്യ സ്പന്ദനയെ അറിയിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ദിവ്യ തയാറായില്ല എന്നും തന്നെ സഹപ്രവര്‍ത്തകര്‍ക്ക് ഇടയില്‍ മോശമായി ചിത്രീകരിക്കാനും അപമാനിക്കാനും ശ്രമിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

തന്നെക്കാള്‍ ഉയര്‍ന്ന സ്ഥാനം വഹിച്ചിരുന്ന ചിരാട് പട്‌നായിക് വിചാരിച്ചാല്‍ തന്റെ ജോലി നഷ്ടപ്പെടുത്താന്‍ സാധിക്കും എന്ന ഭയത്താല്‍ ജോലി നഷ്ടപ്പെടാതിരിക്കാന്‍ ഏറെക്കാലം ഇതെല്ലാം സഹിക്കുകയായിരുന്നെന്നും പരാതിയിലുണ്ട്.


Also Read:  രാജ്യത്തെ നടുക്കി ഉത്തര്‍പ്രദേശ്; യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ശരീരഭാഗങ്ങള്‍ ഛേദിച്ചു, പൊതു ഇടത്തില്‍ നഗ്‌നയാക്കി


എന്നാല്‍ ഒടുവില്‍ ശല്യം സഹിക്കവയ്യാതെ രാജി നല്‍കി. മെയ് 17ന് നല്‍കിയ രാജിക്കത്ത് 24ന് മാത്രമാണ് സ്വീകരിച്ചത്. ഈ ദിവസങ്ങളില്‍ ദിവ്യ സ്പന്ദന അടക്കമുള്ളവരില്‍ നിന്ന് കടുത്ത മാനസിക പീഡനം സഹിക്കേണ്ടി വന്നെന്നും പരാതിയില്‍ പറയുന്നു.

അതേസമയം, ഐ.ടി സെല്ലിലെ ഒരാള്‍ മുന്‍ ജോലിക്കാരിയായ യുവതിയോട് മോശമായ പെരുമാറിയിട്ടുള്ളതായി വിശ്വസിക്കുന്നില്ലെന്നും യുവതി ജോലി രാജിവെച്ചത് ആരോഗ്യസംബന്ധമായ പ്രശ്നങ്ങളാല്‍ ആണെന്നും ദിവ്യ സ്പന്ദന പ്രസ്താവനയിലൂടെ അറിയിച്ചു.

We use cookies to give you the best possible experience. Learn more