| Saturday, 27th July 2024, 8:47 am

ബലാത്സംഗം, പോക്‌സോ കുറ്റകൃത്യങ്ങൾ ഒത്തുതീർപ്പിലൂടെ പരിഹരിക്കാനാവില്ല: കേരള ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സ്ത്രീകളുടെ അന്തസിനും മാനത്തിനും കളങ്കമുണ്ടാക്കുന്ന ബലാത്സംഗം, പോക്‌സോ കേസ് തുടങ്ങിയ കുറ്റകൃത്യങ്ങൾ ഒത്തുതീർപ്പിലൂടെ റദ്ദാക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. എന്നാൽ പ്രതിയും ഇരയും വിവാഹം കഴിച്ച് സമാധാനപരമായി ഒരുമിച്ചു ജീവിക്കുന്നുണ്ടെങ്കിൽ കേസ് റദ്ദാക്കാൻ അനുവദിക്കുന്നതിനുള്ള മാനുഷിക പരിഗണന നൽകാവുന്നതാണെന്നും കോടതി പറഞ്ഞു. 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ് പരിഗണിക്കുകയായിരുന്നു കോടതി.

പ്രതിയും ഇരയും വിവാഹിതരാണെന്നും സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കുന്നവരാണെന്നും വാദിച്ചാണ് ക്രിമിനൽ നടപടികൾ റദ്ദാക്കാൻ ഇവർ കോടതിയെ സമീപിച്ചത്.

ക്രിമിനൽ നടപടികൾ തുടരുന്നത് അവരുടെ ദാമ്പത്യ ജീവിതത്തെയും കുട്ടികളുടെ ക്ഷേമത്തെയും ബാധിക്കുമെന്ന് കണ്ടെത്തി ഹരജിക്കാർക്കെതിരായ കേസ് ജസ്റ്റിസ് എ. ബദറുദ്ദീൻ റദ്ദാക്കുകയായിരുന്നു.

‘ബലാത്സംഗ കുറ്റവും പോക്‌സോ കുറ്റകൃത്യങ്ങളും ഉൾപ്പെടെയുള്ള കേസുകൾ തീർപ്പാക്കുന്നത് നിയമപ്രകാരം അനുവദനീയമല്ല. ഈ കേസിൽ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു.

പ്രതി പിന്നീട് ആ പെൺകുട്ടിയെ തന്നെ വിവാഹം കഴിച്ചു. ഇപ്പോൾ അവർ രണ്ട് കുട്ടികളുമായി സുഖമായി ജീവിക്കുന്നു. അത്തരം സന്ദർഭങ്ങളിൽ, കക്ഷികളുടെ സമാധാനപരമായ കുടുംബജീവിതം ഉറപ്പാക്കുന്നതിനും ഏറ്റവും പ്രധാനമായി അവർക്ക് ജനിക്കുന്ന കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി, മാനുഷിക പരിഗണനയോടെ കേസിന്റെ നടപടികൾ ഒത്തു തീർപ്പാക്കാവുന്നതാണ്,’ കോടതി പറഞ്ഞു.

കൊലപാതകം, കൊള്ള, ബലാത്സംഗം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിൻ്റെ അടിസ്ഥാനത്തിൽ സി.ആർ.പി.സിയുടെ 482 വകുപ്പ് പ്രകാരം റദ്ദാക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

അതെ സമയം വിവാഹം കഴിക്കാൻ പ്രതി സമ്മതിക്കുന്ന കേസുകളിൽ കോടതി മൃദുസമീപനം സ്വീകരിക്കരുതെന്ന് പറഞ്ഞ കോടതി ഇത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നും ചൂണ്ടിക്കാട്ടി. എന്നാൽ ഈ കേസിൽ കുട്ടികളുടെ ക്ഷേമം കൂടി കണക്കിലെടുത്ത് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം കൈകൊള്ളുന്നതെന്നും കോടതി വ്യക്തമാക്കി.

Content Highlight: Sexual Crimes Can’t Be Settled On Compromise: Kerala High Court

We use cookies to give you the best possible experience. Learn more