| Saturday, 3rd October 2020, 9:01 am

കന്യാസ്ത്രീകള്‍ക്കെതിരെ ലൈംഗികാധിക്ഷേപം; യൂട്യൂബര്‍ സാമുവല്‍ കൂടലിനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: യൂട്യൂബിലൂടെ കന്യാസ്ത്രീകളെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതികളെ തുടര്‍ന്ന് യൂട്യൂബര്‍ സാമുവല്‍ കൂടലിനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു.

ഇയാള്‍ക്കെതിരെ 139 പരാതികളാണ് വനിത കമ്മീഷന് ലഭിച്ചത്. പത്തനംതിട്ട കലത്തൂര്‍ സ്വദേശിയായ സാമുവല്‍ കൂടല്‍ യൂട്യൂബിലെ തന്റെ ചാനലിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും കന്യാസ്ത്രീകളെയും വൈദികരെയും ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് ഉയരുന്ന പരാതികള്‍.

നേരത്തെ ഒരു പരാതി നല്‍കിയെങ്കിലും വനിതാ കമ്മീഷന്‍ ഗൗരവമായി എടുക്കാത്തതിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ നിന്നായി വ്യാപക പരാതി ഉയരുകയായിരുന്നു.

പരാതികള്‍ ഒക്ടോബര്‍ 5ന് ചേരുന്ന വനിത കമ്മീഷന്‍ യോഗത്തില്‍ പരിശോധിക്കും. നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുകയും അശ്ലീല പരാമര്‍ശം നടത്തുകയും ചെയ്ത വിജയ് പി നായരുടെ കേസിന് സമാനമായ സംഭവമാണിതെന്നും, വിജയ് പി നായര്‍ക്കെതിരെ എടുത്ത നടപടി സാമുവലിനെതിരെയും എടുക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

കേസ് സൈബര്‍ നിയമത്തിന്റെ പരിധിയില്‍ വരുമോയെന്നറിയാന്‍ വനിത കമ്മിഷന്‍ നിയമോപദേശം തേടിയിരിക്കുകയാണ്. നേരത്തെ വിജയ് പി നായരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

സ്ത്രീകളെ അപമാനിച്ചെന്ന കുറ്റം ചുമത്തിയാണ് വിജയ് പി നായര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. നേരത്തെ ഇയാള്‍ക്കെതിരെ പൊലീസ് ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു കേസ് എടുത്തത്. തുടര്‍ന്ന് വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിജയ് പി. നായര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പൊലീസ് ചുമത്തി കേസ് എടുത്തിരുന്നു.

കേട്ടാല്‍ അറയ്ക്കുന്ന പദ പ്രയോഗങ്ങളും പരാമര്‍ശങ്ങളുമാണ് വിജയ് നായര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ നടത്തിയിരുന്നത്. നാല് മാസം മുമ്പ് മാത്രമാണ് ഇയാള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോകള്‍ ചെയ്ത് പുറത്തുവിട്ടിരുന്നത്.

vitrix scene എന്ന് പേരിട്ടിരിക്കുന്ന ചാനലില്‍ ആദ്യമാദ്യം സിനിമ സംബന്ധിയായും സ്റ്റോക്ക് മാര്‍ക്കറ്റിംഗ് സംബന്ധിച്ചുമായിരുന്നു വീഡിയോകള്‍ ചെയ്ത് തുടങ്ങിയിരുന്നത്. പിന്നീട് അശ്ലീലതയും സ്ത്രീവിരുദ്ധതയും കൂട്ടിചേര്‍ത്ത് വീഡിയോകള്‍ ഇയാള്‍ തയ്യാറാക്കി അവതരിപ്പിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: sexual coment about nuns in YouTube; The Women’s Commission has registered a case against YouTuber Samuel Koodal

We use cookies to give you the best possible experience. Learn more