ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗവേഷണത്തിനും ലിംഗനീതി ഉറപ്പാക്കുന്നതിനും വിദഗ്ധരെ ഉള്‍പ്പെടുത്തി നോഡല്‍ യൂണിറ്റ് സ്ഥാപിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍കയ്യെടുക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
സദാചാര പോലീസിങ് ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണം.സര്‍വകലാശാലകളിലെ ഭരണ വിഭാഗത്തില്‍ കൂടുതല്‍ വനിതകളെ നിയമിക്കണം. വനിതകളുടെ കഴിവുകള്‍ വിപുലപ്പെടുത്തുന്നതിനു കോളജുകളില്‍ നൈപുണ്യവികസന പരിപാടികള്‍ ആവിഷ്‌കരിക്കണം.
സ്ത്രീസൗഹൃദ ക്യാംപസ് എന്ന ലക്ഷ്യം കൈവരിക്കുന്നതിനു സൗകര്യങ്ങള്‍ ഒരുക്കണം. വനിതാപഠന കേന്ദ്രത്തിനും വനിതാ സെല്ലിനും കൂടുതല്‍ പണം നീക്കിവയ്ക്കണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും വനിതകള്‍ക്കു സൗകര്യപ്രദമായ പൊതുഗതാഗത സംവിധാനം ഏര്‍പ്പെടുത്തണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തു.
ക്യാംപസുകളില്‍ ലൈംഗിക അതിക്രമം വ്യാപകമാണെന്നു കമ്മിറ്റി അംഗങ്ങളായ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ക്യാമ്പസുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചിരിക്കാന്‍ പറ്റാത്ത പല കോളജുകളും സംസ്ഥാനത്തുണ്ട്. പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ആണ്‍കുട്ടികളോട് സംസാരിക്കുന്നതും കുറ്റകരമായാണ് പലരും കാണുന്നത്. ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ പെണ്‍കുട്ടികളെ ചില അധ്യാപകര്‍ ഉപദ്രവിക്കാറുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.
വിദ്യാര്‍ഥികള്‍ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായാല്‍ സ്ഥാപനത്തിന്റെ പേര് മോശമാകുന്നത് ഭയന്ന് ഇക്കാര്യം മറച്ചുവെക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്. ഇത്തരം സംഭവങ്ങള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇരകളെ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ഇവര്‍ പറയുന്നു.
പല കോളജുകളിലും മതിയായ സൗകര്യങ്ങളില്ല. കുട്ടികള്‍ക്ക് താമസിക്കാന്‍ ഹോസ്റ്റല്‍ സൗകര്യംപോലും ഇല്ലാത്ത കോളജുകളുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ക്യാമ്പസുകളിലെ ലിംഗനീതി സംബന്ധിച്ചാണ് സമിതി പഠനം നടത്തിയത്. വാര്‍ത്താസമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി ശ്രീനിവാസന്‍, മെമ്പര്‍ സെക്രട്ടറി പി. അന്‍വര്‍, ഷീനാഷുക്കൂര്‍ എന്നിവര്‍ പങ്കെടുത്തു.