തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗിക അധിക്ഷേപം നടത്തിയ മുന്‍ സബ് ജഡ്ജി എസ്.സുധീപിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. ഫേസ്ബുക്കിലൂടെ അശ്ലീല പരാമര്‍ശം നടത്തിയതിനാണ് കേസ്.
സുധീപിനോട് ആഗസ്റ്റ് നാലിന് നേരിട്ട് ഹാജരാകാനും പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ഐ.പി.സി 354 എ, ഐ.ടി ആക്ട് വകുപ്പുകള്‍ പ്രകാരമാണ് സുധീപിനെതിരെ കേസെടുത്തത്.
ജൂലൈ എട്ടിന് ഫേസ്ബുക്കിലെഴുതിയ പോസ്റ്റിലൂടെയാണ് മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ സുദീപ് അശ്ലീല പരാമര്‍ശം നടത്തിയത്. മാധ്യമപ്രവര്‍ത്തകയുടെ വ്യക്തിത്വത്തെയും ചാനലിനെയും അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു സുദീപിന്റെ ഫേസ്ബുക്ക് കുറിപ്പ്.
കര്‍ക്കിടകം ശബരിമല അടക്കമുളള വിഷയങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ സുദീപ് സോഷ്യല്‍ മീഡിയ വഴി നടത്തിയ പ്രതികരണങ്ങള്‍ വിവാദമായിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയുടെ അന്വേഷണത്തിന് പിന്നാലെ 2021ല്‍ സബ് ജഡ്ജി സ്ഥാനത്ത് നിന്ന് എസ് സുദീപിന് രാജി വെക്കേണ്ടി വന്നു.
സമൂഹമാധ്യമങ്ങളില്‍ ന്യായാധിപന്മാര്‍ക്ക് യോജിക്കാത്ത രീതിയിലുള്ള അഭിപ്രായ പ്രകടനം നടത്തിയെന്ന് കണ്ടെത്തിയതോടെയാണ് ഹൈക്കോടതി പിരിച്ചു വിടല്‍ നോട്ടീസ് നല്‍കിയത്. വിവാദപരമായ കാര്യങ്ങളില്‍ പ്രതികരിക്കരുതെന്ന ചട്ടം ലംഘിച്ചെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. പിന്നാലെ സുദീപ് രാജി വെക്കുകയായിരുന്നു.
ഈ വിഷയത്തില്‍ 2019 ഡിസംബറിലാണ് സുദീപിനെതിരെ അന്വേഷണം ആരംഭിച്ചത്.
content highlights: Sexual assault on journalist; Police registered a case against former sub-judge Sudheep