| Thursday, 20th July 2023, 8:01 am

കുക്കി സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം; മനുഷ്യത്വരഹിതമെന്ന് സ്മൃതി ഇറാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മണിപ്പൂരില്‍ നിന്നും പുറത്ത് വന്ന രണ്ട് കുക്കി സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ വീഡിയോ അപലപനീയവും മനുഷ്യത്വരഹിതവുമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി ബിരേന്‍ സിങ്ങുമായി സംസാരിച്ചിട്ടുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു.

‘ മണിപ്പൂരില്‍ നിന്നും പുറത്ത് വന്ന രണ്ട് സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമത്തിന്റെ ഭയാനകമായ വീഡിയോ അപലപനീയവും മനുഷ്യത്വരഹിതവുമാണ്. സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി ബിരേന്‍ സിങ്ങുമായി സംസാരിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കുറ്റവാളികളെ ഉടന്‍ തന്നെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്’, സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു.

സ്മൃതി ഇറാനി തന്നോടും ചീഫ് സെക്രട്ടറിയോടും സംഭവത്തെ കുറിച്ച് സംസാരിച്ചതായും കുറ്റവാളികള്‍ക്കെതിരെ ഉടന്‍ തന്നെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി ബിരേന്‍ സിങ് എന്‍.ഡി.ടി.വിയോട് പറഞ്ഞു.

സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മണിപ്പൂരില്‍ രണ്ട് കുക്കി സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ ഹൃദയഭേദകമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഈ സമൂഹത്തില്‍ നടക്കുന്ന എല്ലാ തരം അക്രമങ്ങളിലും സ്ത്രീകളും കുട്ടികളുമാണ് ഇരകളാകുന്നതെന്നും പ്രിയങ്ക പറഞ്ഞു.

‘മണിപ്പൂരില്‍ സമാധാനം കൊണ്ടുവരുന്നതിനായി അക്രമങ്ങളെ നമ്മളെല്ലാം ഒറ്റക്കെട്ടായി അപലപിക്കണം. മണിപ്പൂരിലെ അക്രമ സംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്. ഇത്തരം അക്രമങ്ങളും അവയുടെ ചിത്രങ്ങളും നിങ്ങളെ അലോസരപ്പെടുത്തുന്നില്ലേ,’ പ്രിയങ്ക ചോദിച്ചു.

പ്രധാനമന്ത്രിയുടെ മൗനവും നിഷ്‌ക്രിയത്വവും മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും വിമര്‍ശിച്ചു. ‘മണിപ്പൂരില്‍ ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുമ്പോള്‍ പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’ നിശബ്ദത പാലിക്കില്ല. മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍ നിലകൊള്ളുന്നത്. സമാധാനമാണ് മുന്നിലുള്ള ഏക വഴി ‘, രാഹുല്‍ ട്വീറ്റ് ചെയ്തു.

2023 മെയ് നാലിനാണ് കുക്കി വിഭാഗത്തില്‍പ്പെടുന്ന രണ്ട് സ്ത്രീകളെ മെയ്തി വിഭാഗക്കാരായ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്യുകയും വഴിയിലൂടെ നഗ്നരാക്കി നടത്തിച്ചതെന്നും ഇന്‍ഡിജീനിസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം (ഐ.ടി.എല്‍.എഫ്) പറയുന്നു.

ഇവരുടെ കുടുംബത്തിലെ രണ്ട് പുരുഷന്മാരെ തല്ലിക്കൊന്നതിന് ശേഷമായിരുന്നു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തത്. മെയ്തി വിഭാഗക്കാരാണ് അക്രമികളെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നതായും ഐ.ടി.എല്‍.എഫ് നേരത്തെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു

അതേസമയം, സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുറ്റവാളികളെ എത്രയും വേഗം പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും പൊലീസ് നടത്തുന്നുണ്ടെന്ന് എസ്.പി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

Content Highlight:  Sexual assault of 2 women emanating from Manipur is condemnable and downright inhuman: smruthi irani

We use cookies to give you the best possible experience. Learn more