ബെംഗളൂരു: ലൈംഗികാതിക്രമക്കേസില്‍ ജെ.ഡി.എസ് നേതാവും ദേവഗൗഡയുടെ മകനും എം.എല്‍.എയുമായ എച്ച്.ഡി രേവണ്ണ കസ്റ്റഡിയില്‍. ദേവഗൗഡയുടെ കര്‍ണാടകയിലെ വസതിയില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് രേവണ്ണയെ അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന മജിസ്‌ട്രേറ്റ് കോടതിയാണ് എച്ച്.ഡി. രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ശനിയാഴ്ച തള്ളിയത്. എം.എല്‍.എയും കര്‍ണാടകയിലെ മുന്‍ പൊതുമരാമത്ത് മന്ത്രിയുമായിരുന്നു എച്ച്.ഡി. രേവണ്ണ.
വീട്ടുജോലിക്കാരിയായിരുന്ന 40കാരിയെ പീഡിപ്പിച്ചു എന്നാണ് രേവണ്ണക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ്. മകന്‍ പ്രജ്വല്‍ രേവണ്ണ പ്രതിയായ പീഡനക്കേസിലെ ഇരയെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ മറ്റൊരു കേസും ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുമെന്ന ഉറപ്പില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെ രേവണ്ണയുടെ വസതി വളഞ്ഞിരുന്നു. രേവണ്ണ രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് അദ്ദേഹത്തിനെതിരെ കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
രേവണ്ണക്ക് ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു.
കേസിലെ മറ്റൊരു പ്രതിയായ രേവണ്ണയുടെ മകന്‍ പ്രജ്വല്‍ രേവണ്ണ രാജ്യത്തിന് പുറത്ത് ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കൂടെയാണ് പ്രജ്വല്‍ രേവണ്ണ.
അതിനിടെ, ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ രേവണ്ണ തട്ടിക്കൊണ്ട് പോയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം കുടുംബം രംഗത്തെത്തിയിരുന്നു. ഇരയുടെ മകന്റെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. രേവണ്ണ കാണാന്‍ വിളിപ്പിച്ചെന്നും ഇതിന് ശേഷം അമ്മയെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്നും പരാതിയില്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരോട് ഒന്നും തുറന്ന് പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: sexual assault case, JDS leader H.D. Revanna arrested