കൊല്‍ക്കത്ത: ലൈംഗികാതിക്രമക്കേസില്‍ അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് രാജ്ഭവനിലെ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. ഗവര്‍ണര്‍ക്കെതിരെ ക്രിമിനല്‍ നടപടി പാടില്ലെന്നാണ് ചട്ടമെന്നും അദ്ദേഹം പറഞ്ഞു.
കേസ് അന്വേഷിക്കുന്നതിനായി ബംഗാള്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. തുടര്‍ന്ന് രാജ്ഭവനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു.
പിന്നാലെ രാജ്ഭവനിലെ ജീവനക്കാര്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസും നല്‍കി. എന്നാല്‍ അന്വേഷണത്തോട് സഹകരിക്കില്ലെന്നാണ് ഗവര്‍ണറുടെ തീരുമാനം.
ചോദ്യം ചെയ്യലിന് ഹാജരാകേണ്ടെന്ന് ജീവനക്കാര്‍ക്ക് അദ്ദേഹം നേരത്തെ വാക്കാല്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ കൈമാറേണ്ട ആവശ്യമില്ലെന്നും ഗവര്‍ണര്‍ രാജ്ഭവനെ അറിയിച്ചു.
ഗവര്‍ണര്‍ അന്വേഷണത്തെ തടസപ്പെടുത്തുകയാണെന്ന് ബംഗാള്‍ സര്‍ക്കാര്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിനെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കാനും സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു.
ഇതിനിടെയാണ് ഇപ്പോള്‍ അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് രാജ്ഭവന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്ഭവനിലേക്ക് പൊലീസ് കയറുന്നതിനുള്‍പ്പടെ ആനന്ദബോസ് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 24നാണ് രാജ്ഭവനിലെ താത്കാലിക ജീവനക്കാരി ഗവര്‍ണര്‍ തന്നോട് മോശമായി പെരുമാറിയെന്ന് പപരാതി നല്‍കിയത്. കഴിഞ്ഞ മാസം 19ന് ഗവര്‍ണര്‍ തന്നോട് സി.വിയുമായി അദ്ദേഹത്തെ കാണാന്‍ ചെല്ലണമെന്ന് അറിയിച്ചിരുന്നു. 12 മണിയോടെ ഗവര്‍ണര്‍ തന്നെ ഓഫീസിലേക്ക് വിളിപ്പിച്ചെന്നും സംസാരിക്കുന്നതിനിടെ മോശമായി സ്പര്‍ശിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
Content Highlight: Sexual assault case; Bengal Governor instructed the Raj Bhavan not to cooperate with the investigation