ലൈംഗികാതിക്രമ കേസ്; രഞ്ജിത്തിന് മുൻകൂർ ജാമ്യം
കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ കോഴിക്കോട് കസബ പൊലീസ് കേസ് എടുത്ത സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം. 30 ദിവസത്തേക്ക് താത്കാലിക മുൻകൂർ ജാമ്യം കോടതി അനുവദിക്കുകയായിരുന്നു. കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവിന്റെ പരാതിയിന്മേലുള്ള കേസിലാണ് ഇപ്പോൾ മുൻകൂർ ജാമ്യം ലഭിച്ചിരിക്കുന്നത്.
കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ രണ്ട് ആൾജാമ്യത്തിന്മേലാണ് രഞ്ജിത്തിന് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. 2012ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ യുവാവ് രഞ്ജിത്തുമായി പരാജയപ്പെടുകയായിരുന്നു. തുടർന്ന് ബംഗളൂരുവിലെത്തിച്ച് യുവാവിനെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.
കസബ പൊലീസിനെ കൂടാതെ രണ്ട് ആഴ്ച മുമ്പ് പ്രത്യേക അന്വേഷണ സംഘവും യുവാവിന്റെ മൊഴി എടുത്തിരുന്നു. സംഭവം നടന്നിരിക്കുന്നത് ബെംഗളൂരു ആയതിനാൽ കസബ പൊലീസ് കേസ് ബെംഗളൂരു പൊലീസിന് കൈമാറിയിട്ടുണ്ട്.
പീഡനത്തിനും ഒപ്പം ഐ.ടി ആക്ട് പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്. ബെംഗളുരുവിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചു എന്നായിരുന്നു യുവാവിന്റെ പരാതിയിൽ ഉണ്ടായിരുന്നത്. ഒപ്പം ഇദ്ദേഹത്തിന്റെ നഗ്ന ചിത്രങ്ങൾ പകർത്തി മറ്റൊരാൾക്ക് ഫോണിൽ അയച്ച് കൊടുക്കുകയും ചെയ്തു എന്നും പരാതിയിൽ പറയുന്നു.
ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. സിനിമയിൽ അഭിനയിപ്പിക്കാത്തതിന്‍റെ നീരസമാണ് പരാതിക്ക് കാരണമെന്നാണ് വാദം. മുതിർന്ന അഭിഭാഷകൻ പി.വിജയഭാനു മുഖേനയാണ് രഞ്ജിത്ത് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയത്. താന്‍ അസുഖ ബാധിതനായി ചികിത്സയിലാണെന്നും അറസ്‌റ്റിന് സാധ്യതയുണ്ടെന്നും മുൻകൂർ ജാമ്യം വേണമെന്നുമാണ് രഞ്ജിത്തിന്‍റെ ആവശ്യം
updating…
Content Highlight: Sexual Assault Case; Anticipatory bail for Ranjith