|

എല്‍ദോസ് കുന്നപ്പള്ളി പീഡിപ്പിച്ചു, തെളിവുകള്‍ കയ്യിലുണ്ട്; മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കി പരാതിക്കാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം:  കോണ്‍ഗ്രസ് എം.എല്‍.എ എന്‍ദോസ് കുന്നപ്പള്ളി പീഡിപ്പിച്ചെന്ന പരാതിയുമായി അധ്യാപിക. ഇത് സംബന്ധിച്ച് ഇവര്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. പല സ്ഥലങ്ങളില്‍ കൊണ്ടുപോയി തന്നെ പീഡിപ്പിച്ചതിന് തെളിവുണ്ടെന്നും യുവതി പറയുന്നു.

കോവളം പൊലീസില്‍ ഇന്ന് മൊഴി നല്‍കുമെന്നും ഇവര്‍ കോടതിയെ അറിയിച്ചു. കാറില്‍ വെച്ച് തന്നെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ താന്‍ പരാതി നല്‍കിയതോടെ ഒത്തുതീര്‍ക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായെന്നും പണം വാഗ്ദാനം ചെയ്‌തെന്നും യുവതി പറഞ്ഞു. കാറിനുള്ളില്‍ വെച്ചാണ് കയ്യേറ്റം ചെയ്തതെന്നും ഇവര്‍ വ്യക്തമാക്കി.

അതേസമയം യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം യുവതിയുടെ സുഹൃത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെ നെയ്യാറ്റിന്‍കരയില്‍ വെച്ച് ഇവരെ പൊലീസ് കണ്ടെത്തുകയായിരുന്നു. തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും ഭീതിയുണ്ടെന്നും യുവതി അറിയിച്ചതോടെ നെയ്യാറ്റിന്‍കര പൊലീസ് ഇവരുമായി കോവളത്തേക്ക് പോയി.

മൊഴിയെടുത്ത ശേഷം എം.എല്‍.എക്കെതിരെ കേസെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചു.

ആലുവ സ്വദേശിയായ സ്ത്രീ തിരുവനന്തപുരത്തെ സ്‌കൂളിലെ അധ്യാപികയാണ്. സംഭവത്തെകുറിച്ച് അറിയില്ലെന്നും പൊലീസ് അന്വേഷിക്കട്ടെ എന്നുമായിരുന്നു ഇന്നലെ എല്‍ദോസ് കുന്നപ്പള്ളി പ്രതികരിച്ചത്.

Content Highlight:Sexual assault against eldos kunnappally mla