ന്യൂദൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്ക്കെതിരായ ലൈംഗിക അതിക്രമ പരാതി മൂന്നംഗസമിതി അന്വേഷിക്കാൻ തീരുമാനമായി. വനിതാ ജഡ്ജി ഉൾപ്പെടെ മൂന്നംഗങ്ങളാണ് സമിതിയുടെ ഭാഗമായുള്ളത്. ജസ്റ്റിസ് എസ്.എ ബോംബ്ഡെയാണ് സമിതിക്ക് നേതൃത്വം നൽകുക. ജസ്സുമാരായ എൻ.വി രമണ, ഇന്ദിരാ ബാനർജി എന്നിവരാണ് മറ്റംഗങ്ങൾ. രഞ്ജൻ ഗോഗൊയ് വിരമിച്ചതിനു ശേഷം ബോബ്ഡെയാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് എത്തുക. സീനിയോറിറ്റിയിൽ മൂന്നാം സ്ഥാനത്താണ് എൻ.വി രമണ.
സംഭവത്തിൽ തുടർന്നുള്ള നടപടികൾ കൈക്കൊള്ളുന്നതിന് വേണ്ടി ജസ്റ്റിസ് എസ്.എ ബോബ്ഡേക്കു ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിന് ജസ്റ്റീസുമാരായ അരുൺ മിശ്ര, ആർ.എഫ് നരിമാൻ, ദീപക് ഗുപ്ത എന്നിവരുടെ മൂന്നംഗ ബെഞ്ചിന് ബോബ്ഡേ രൂപം നൽകുകയും ചെയ്തിരുന്നു.
ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയെ കേസിൽ കുടുക്കാന്‍ ഒന്നര കോടി രൂപ വാഗ്ദാനം ലഭിച്ചെന്ന് സത്യവാങ്മൂലം നല്കിയ അഭിഭാഷകനോട് നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. വെളിപ്പെടുത്തല്‍ നടത്തിയ അഭിഭാഷകന് ഉത്സവ് സിങ് ബയന്‍സ് ബുധനാഴ്ച രാവിലെ പത്തരയ്ക്ക് ഹാജരാകണമെന്നും മൂന്നംഗ ബെഞ്ച് നിർദേശിച്ചു.