| Friday, 22nd July 2022, 9:47 am

സിവിക് ചന്ദ്രനെതിരായ പീഡന പരാതി; പൊലീസ് അന്വേഷണം വൈകിപ്പിക്കുന്നെന്ന് പരാതിക്കാരി; പരാതി നല്‍കി 21 ദിവസമായിട്ടും ചോദ്യം ചെയ്തില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരായ പീഡന ആരോപണത്തില്‍ അന്വേഷണ സംഘത്തിനെതിരെ പരാതിക്കാരി.

പരാതി നല്‍കി 21 ദിവസമായിട്ടും നടപടിയില്ലെന്നും സിവിക് ചന്ദ്രനെ ഇതുവരെ ചോദ്യം ചെയ്തില്ലെന്നും സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരെ അധിക്ഷേപം നടക്കുന്നുണ്ടെന്നും അധ്യാപികയും യുവ എഴുത്തുകാരിയുമായ പരാതിക്കാരി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പരാതിക്കാരിയുടെ പ്രതികരണം.

സിവിക് ചന്ദ്രനെതിരായ പീഡന പരാതിയില്‍ കൊയിലാണ്ടി പൊലീസാണ് കേസെടുത്തിരിക്കുന്നത്. സിവിക് ചന്ദ്രനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ട് ഒരാഴ്ച കഴിഞ്ഞു.

ഐ.പി.സി 354, 354എ, എസ്.സി.എസ്.ടി അട്രോസിറ്റീസ് ആക്ട് എന്നിവയടക്കം ചുമത്തിയായിരുന്നു കേസെടുത്തത്. വടകര ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.

വൈദ്യ പരിശോധന നടത്തുകയും പരാതിക്ക് അടിസ്ഥാനമായ സംഭവസ്ഥലം പരാതിക്കാരി പൊലീസിന് കാണിച്ചുകൊടുക്കുകയും മജിസ്‌ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തതാണ്. ഈ ഘട്ടത്തിലാണ് പൊലീസന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് പരാതിക്കാരി രംഗത്തെത്തിയത്.

പൊലീസ് അന്വേഷണം വൈകിപ്പിക്കുന്നു, വൈദ്യപരിശോധനയും രഹസ്യമൊഴി രേഖപ്പെടുത്തുന്നതും അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്തി ചോദ്യം ചെയ്യാന്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ല.

തന്നോട് അതിക്രമം നേരിട്ട സ്ഥലം വീണ്ടും കാണിച്ചുകൊടുക്കാനും വീണ്ടും സ്റ്റേറ്റ്‌മെന്റ് രേഖപ്പെടുത്താനും പൊലീസ് ആവശ്യപ്പെടുന്നു. ഇത്തരത്തില്‍ പരാതി കൊടുത്ത തന്നെ പൊലീസ് വീണ്ടുംവീണ്ടും ബുദ്ധിമുട്ടിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.

പരാതി തുറന്ന് പറഞ്ഞതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ നിന്നടക്കം തനിക്ക് അധിക്ഷേപം നേരിടേണ്ടി വരുന്നുണ്ടെന്നും അതിനെതിരെ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും പരാതിക്കാരി പ്രതികരിച്ചു.

ദളിത് വിഭാഗത്തില്‍ പെട്ടയാളാണ് പരാതിക്കാരി എന്നതിനാല്‍ പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം തടയുന്ന ജാമ്യമില്ലാ വകുപ്പുകൂടി ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് നേരത്തെ കൊയിലാണ്ടി പൊലീസ് അറിയിച്ചിരുന്നു.

സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി.

കഴിഞ്ഞ ഏപ്രിലില്‍ പരാതിക്കാരി എഴുതിയ പുസ്തക പ്രകാശനം കൊയിലാണ്ടിയില്‍ വെച്ച് നടന്നിരുന്നു. അതിനിടെ ഇവര്‍ ഒരു വീട്ടില്‍ ഒത്തുകൂടി. അടുത്ത ദിവസം രാവിലെ ഉറങ്ങുകയായിരുന്ന തന്നെ സിവിക ചന്ദ്രന്‍ ബലമായി ചുംബിച്ചു എന്നാണ് പരാതി.

പുസ്തക പ്രകാശനത്തിന് പബ്ലിഷറെ കണ്ടെത്തുന്നതിനായി യുവതി നേരത്തേ സിവിക് ചന്ദ്രനെ സമീപിച്ചിരുന്നു. അതിനുശേഷം യുവതിയുടെ ഫോണിലേക്ക് വിളിച്ചും മെസേജ് അയച്ചും നിരന്തരം ശല്യം ചെയ്തതായും പരാതിയില്‍ പറയുന്നു.

സിവിക് ചന്ദ്രന്‍ അഡ്മിനായ ‘നിലാനടത്തം’ എന്ന കവികളുടെ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് യുവതി ആദ്യം ആരോപണം ഉന്നയിച്ചത്. സിവിക് ചന്ദ്രന്‍, വി.ടി. ജയദേവന്‍ എന്നിവര്‍ക്കെതിരെയായായിരുന്നു യുവതിയുടെ ആരോപണം.

താന്‍ അത്രയേറെ വിശ്വസിച്ച മനുഷ്യരില്‍ നിന്നുണ്ടായ തിക്താനുഭവം തനിക്ക് കനത്ത ആഘാതമായെന്നും താല്‍പര്യമില്ലാത്ത ഒരാളോട് നിരന്തരം ലൈംഗികമോഹം പ്രകടിപ്പിക്കുന്നതും അതിക്രമം തന്നെയാണെന്നും യുവതി ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Sexual allegation case against writer Civic Chandran, complainant says police is not acting seriously

We use cookies to give you the best possible experience. Learn more