| Friday, 27th August 2021, 11:46 am

ബലപ്രയോഗത്തിലൂടെയാണെങ്കിലും ഭര്‍ത്താവിന്റെ ലൈംഗിക ചെയ്തികള്‍ ബലാത്സംഗമായി കാണാന്‍ കഴിയില്ല; വിവാദ വിധിയുമായി ചത്തീസ്ഗഢ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചത്തീസ്ഗഢ്: ബലപ്രയോഗം ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഭര്‍ത്താവ് നടത്തുന്ന ലൈംഗിക ചെയ്തികളെ ബലാത്സംഗമായി കാണാന്‍ കഴിയില്ലെന്ന് ചത്തീസ്ഗഢ് ഹൈക്കോടതി.

ഭാര്യയ്ക്ക് 18 വയസ്സിന് താഴെയല്ല പ്രായമെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്നാണ് ഛത്തീസ്ഗഢ് ഹൈക്കോടതി ജഡ്ജി എന്‍.കെ. ചന്ദ്രവംശി പറഞ്ഞത്.

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഉപദ്രവിക്കുകയാണെന്ന് കാണിച്ച് ഭാര്യ നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു പരാമര്‍ശം. ഭര്‍ത്താവ് പ്രകൃതിവിരുദ്ധ പീഡനം നടത്തുന്നെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു.

ഈ കേസില്‍, പരാതിക്കാരിയെ കുറ്റാരോപിതന്‍ നിയമപരമായി വിവാഹം ചെയ്തതാണെന്നും അതുകൊണ്ട് ബലപ്രയോഗത്തിലൂടെയാണെങ്കിലും, ഭാര്യയുടെ ആഗ്രഹത്തിന് എതിരാണെങ്കിലും ഏതെങ്കിലും തരത്തിലുള്ള ലൈംഗിക പ്രവൃത്തി നടത്തിയാല്‍ അത് ബലാത്സംഗ കുറ്റമാകില്ലെന്നും, ഭര്‍ത്താവിനെതിരെ ചുമത്തിയ 376 (ബലാത്സംഗം) കുറ്റം നിയമവിരുദ്ധവുമാണെന്നുമാണ് കോടതി പറഞ്ഞത്.

അതേസമയം, ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായ ലൈംഗിക ചെയ്തികള്‍ വൈവാഹിക ബലാത്സംഗമാണെന്ന് കേരളാ ഹൈക്കോടതി വിധിച്ചിരുന്നു. ആഗസ്റ്റ് മാസം ആദ്യമായിരുന്നു കോടതിയുടെ വിധി.

സ്വന്തം ശരീരത്തിനുമേല്‍ വ്യക്തികള്‍ക്ക് സ്വകാര്യതാ അവകാശമുണ്ടെന്നും അതിനുമുകളിലുള്ള കടന്നുകയറ്റം സ്വകാര്യതയെ ലംഘിക്കലാണെന്നും കോടതി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Sexual Act By Husband Not Rape, Even If By Force: Chhattisgarh High Court

We use cookies to give you the best possible experience. Learn more