| Wednesday, 3rd March 2021, 7:55 am

'വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തി'; സാംസ്‌കാരിക പ്രവര്‍ത്തകന്‍ റൂബിന്‍ ഡിക്രൂസിനെതിരെ ലൈംഗിക പീഡന കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനും മുന്‍ കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ റൂബിന്‍ ഡിക്രൂസിനെതിരെ ലൈംഗികപീഡന പരാതി നല്‍കി യുവതി. ദല്‍ഹിയില്‍ ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ മാനേജരായി ജോലി നോക്കുന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് റൂബിന്‍ ഡിക്രൂസിനെതിരെ ലൈംഗിക പീഡന കേസ് എടുത്തിരിക്കുന്നത്.

വാടക വീട് കണ്ടെത്തുന്നതിന് സഹായിക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി റൂബിന്‍ ഡിക്രൂസ് ലൈംഗികാതിക്രമം നടത്തുകയായിരുന്നെന്ന് യുവതി വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

2020 ഒക്ടോബര്‍ രണ്ടിന് ലൈംഗികാതിക്രമത്തിനിരയായെന്ന് യുവതി പരാതിയില്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയും യുവതി പരാതി പങ്കുവെച്ചിട്ടുണ്ട്.

”ഇടതു-പുരോഗമന മുഖംമൂടിയിട്ട, മനുഷ്യാവകാശങ്ങളെയും തുല്യനീതിയെയുമൊക്കെ പറ്റി ഫേസ്ബുക് വിപ്ലവം നടത്തുന്ന മനുഷ്യരുടെ യഥാര്‍ത്ഥ മുഖം കാണേണ്ടി വന്നു. പൊതു സുഹൃത്തുക്കളും ഫേസ്ബുക്കും വഴിയുള്ള പരിചയത്തിന്റെ പേരില്‍ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്കു ക്ഷണിച്ച പുരോഗനവാദി കുറച്ചു നേരത്തെ സൗഹൃദ സംഭാഷണത്തിന് ശേഷം തനിനിറം കാണിച്ചു. ശാരീരികമായി വയലേറ്റ് ചെയ്യപ്പെടുന്നത്, പൊതുവെ സ്‌ട്രോങ്ങ് ആയ മനുഷ്യരേപ്പോലും മാനസികമായി എങ്ങനെ തളര്‍ത്തുമെന്ന് പിന്നെയുള്ള ദിവസങ്ങള്‍ എന്നെ പഠിപ്പിച്ചു,” യുവതി ഫേസ്ബുക്കില്‍ കുറിച്ചു.

പരാതിയുമായി മുന്നോട്ട് പോയ ഘട്ടത്തില്‍ ഇയാളില്‍ നിന്ന് ഇത്തരത്തിലുള്ള പെരുമാറ്റത്തിന് വിധേയരായി എന്ന് മറ്റുപല സ്ത്രീകളും പറഞ്ഞതായും യുവതി പറഞ്ഞു. നാഷണല്‍ ബുക്ക് ട്രസ്റ്റ് മലയാളം വിഭാഗം എഡിറ്ററാണ് റൂബിന്‍ ഇപ്പോള്‍.

യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ്:

വ്യക്തിപരമായി വളരെ ഡിസ്റ്റേര്‍ബിങ് ആയ ഒരു കാലത്തില്‍ കൂടെയാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഞാന്‍ കടന്നു പോയത്. കഴിഞ്ഞ പത്തിരുപത്തഞ്ചു കൊല്ലം കൊണ്ട്, എന്ന് വച്ചാല്‍ ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ എന്നെ അടയാളപ്പെടുത്തിയ ശേഷം ഞാന്‍ നേടിയ ആത്മവിശ്വാസം, മനുഷ്യരില്‍ ഉണ്ടാക്കിയെടുത്ത ട്രസ്റ്റ് ( അത്തരം മനുഷ്യരേ എനിക്ക് ചുറ്റും ആവശ്യമുള്ളൂ എന്ന തിരിച്ചറിവില്‍ നിന്ന് കൂടിയാണത്) എല്ലാത്തിനെയും അടിയോടെ പിഴുതെടുത്ത ഒരു അവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നു.

ഇടതു-പുരോഗമന മുഖംമൂടിയിട്ട, മനുഷ്യാവകാശങ്ങളെയും തുല്യനീതിയെയുമൊക്കെ പറ്റി ഫേസ്ബുക് വിപ്ലവം നടത്തുന്ന മനുഷ്യരുടെ യഥാര്‍ത്ഥ മുഖം കാണേണ്ടി വന്നു. പൊതു സുഹൃത്തുക്കളും ഫേസ്ബുക്കും വഴിയുള്ള പരിചയത്തിന്റെ പേരില്‍ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്കു ക്ഷണിച്ച പുരോഗനവാദി കുറച്ചു നേരത്തെ സൗഹൃദ സംഭാഷണത്തിന് ശേഷം തനിനിറം കാണിച്ചു. ശാരീരികമായി വയലേറ്റ് ചെയ്യപ്പെടുന്നത്, പൊതുവെ സ്‌ട്രോങ്ങ് ആയ മനുഷ്യരേപ്പോലും മാനസികമായി എങ്ങനെ തളര്‍ത്തുമെന്ന് പിന്നെയുള്ള ദിവസങ്ങള്‍ എന്നെ പഠിപ്പിച്ചു. കട്ടക്ക് കൂടെ നിന്ന വളരെ കുറച്ചു കൂട്ടുകാര്‍, നീ ധൈര്യമായി മുന്‍പോട്ടു പോകൂ, ഞങ്ങളുണ്ട് കൂടെ എന്ന് ചേര്‍ത്ത് പിടിച്ച കുടുംബം (72 വയസ്സുള്ള അമ്മയടക്കം), തളര്‍ന്നു പോയപ്പോള്‍ താങ്ങിയ കൗണ്‍സിലിംഗ് അടക്കമുള്ള സപ്പോര്‍ട്ട് സിസ്റ്റം… ഒന്ന് നേരെയായപ്പോള്‍ തോന്നി.. ഇതുപോലൊരുത്തനെ വെറുതെ വിടുന്നത് എന്റെ സഹജീവികളോടും കൂടി ചെയ്യുന്ന ദ്രോഹമാണെന്ന്.

എനിക്കിതിത്ര ബാധിച്ചെങ്കില്‍ കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ ഒക്കെ പിന്തുണ അധികം ഒന്നുമില്ലാത്ത, പുതിയ നഗരത്തിലെത്തുന്ന ഒരു ഇരുപതുകാരി പെണ്‍കുട്ടിക്കോ കുടുംബപ്രശ്‌നങ്ങളുടെ ഇടയില്‍ ഒരു തുറന്ന സൗഹൃദമെന്നു തെറ്റിദ്ധരിച്ചു കുടുങ്ങിപ്പോകുന്ന ഒരു മധ്യവയസ്‌കക്കോ ഇത് എത്ര Traumatic ആയിരുന്നു കാണുമായിരിക്കും എന്ന്.

റൂബിന്‍ ഡിക്രൂസ് എന്ന കപട പുരോഗമനവാദിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു, എഫ്.ഐ.ആര്‍ ഇട്ടിട്ടുണ്ട്. ഈ കുറെ ദിവസങ്ങള്‍ കുറെ തിരിച്ചറിവുകള്‍ തന്നു. വര്‍ഷങ്ങളായി നമ്മള്‍ കൂട്ടുകാരെന്നു കരുതിയവര്‍ വളരെ സ്വാഭാവികം എന്നോണം വേട്ടക്കാരന് വേണ്ടി സംസാരിക്കുന്നത് കണ്ട ഞെട്ടല്‍ മാറാന്‍ സമയമെടുക്കും.

ഇത്രയൊക്കെ വൃത്തികേട് കാണിച്ചാലും മാറിയിരുന്ന് ന്യായീകരിക്കാന്‍ കഴിയുന്ന ഉളുപ്പില്ലായ്മക്ക്, ശാരീരികവും വൈകാരികവും മാനസികവുമായി മുറിവേറ്റ ഒരാളോട് വീണ്ടും വന്നു ഇനി കുറച്ചു ദയ, മനുഷ്വത്വം, സഹജീവി സ്‌നേഹം-ഒക്കെ കാണിക്കൂ എന്ന് പറയുന്ന നിസ്സംഗതക്ക്, എത്രയൊക്കെ ആയാലും സെക്ഷ്വല്‍ പ്രിഡേറ്റര്‍മാരായ പുരോഗമന പുരുഷന്മാര്‍ക്ക് ലഭിക്കുന്ന സുഹൃദ് സംരക്ഷണത്തിന് – ഇതിനൊക്കെ എതിരെ കൂടിയാണ് പ്രതികരിക്കേണ്ടത് എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് എനിക്കീ ദിവസങ്ങള്‍ തന്നത്.

കേസുമായി മുന്നോട്ടു പോകാന്‍ തുടങ്ങിയപ്പോള്‍ ഇയാളില്‍ നിന്ന് ഇതേ രീതിയിലുള്ള പെരുമാറ്റത്തിന് വിധേയരായ പല സ്ത്രീകളോടും സംസാരിച്ചു. പല കാരണങ്ങള്‍ കൊണ്ട് പ്രതികരിക്കാന്‍ കഴിയാതിരുന്നവര്‍, അവരുടെ കൂടി അനുഭവങ്ങള്‍, അവര്‍ അനുഭവിച്ച ൃേമൗാമ ഒക്കെ ഈ യാത്രയില്‍ എനിക്ക് കൂട്ടിനുണ്ട്.

കൂടെ നിന്നവരോട്.. നില്‍ക്കുന്നവരോട്… ഉമ്മ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sexual Abuse case against writer Rubin Dcruz

We use cookies to give you the best possible experience. Learn more